പഞ്ചായത്തിലെ ലീസ് ഭൂമി തിരിച്ചു പിടിച്ച് എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റ് തുടങ്ങുന്നു

ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്തിലെ ലീസ് ഭൂമി തിരിച്ച് പിടിച്ച് എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റ് തുടങ്ങുന്നു. ബാലുശ്ശേരി ടൗണിൽ കൈരളി റോഡിലും ഹൈസ്കൂൾ റോഡിൽ ഹൈസ്കൂളിനടുത്തുമായി വർഷങ്ങൾക്കു മുമ്പ് ലീസിനു കൊടുത്ത ഭൂമിയാണ് പഞ്ചായത്ത് തിരിച്ചു പിടിച്ച് മാലിന്യ സംസ്കരണത്തിനായി എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റ് തുടങ്ങുന്നത്. ജൈവ വിഭാഗം മാലിന്യങ്ങൾ ഇവിടെ സംസ്കരിക്കാനാണ് പദ്ധതി. പഞ്ചായത്തിന്റെ ശുചിത്വ മിഷൻ പദ്ധതിയുടെ ഭാഗമായി മൂന്ന് എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകളാണ് ബാലുശ്ശേരിയിൽ നിർമിക്കുന്നത്. ഹൈസ്കൂളിനടുത്തും, കൈരളി റോഡിലുമായി രണ്ട് സെന്റ് വീതം ഭൂമിയാണ് 50 വർഷം മുമ്പേ ലീസിനു നൽകിയിരുന്നത്. ലീസ് പുതുക്കുക പോലും ചെയ്യാതെ സ്വകാര്യ വ്യക്തികൾ കൈവശം വെച്ചു വന്നിരുന്ന ഭൂമി പഞ്ചായത്ത് തിരിച്ചെടുക്കണമെന്ന ആവശ്യം പഞ്ചായത്ത് ഭരണസമിതി യോഗത്തിലും ചർച്ചയായിരുന്നു. ഇതേതുടർന്നാണ് ഭൂമി പഞ്ചായത്ത് തിരിച്ചെടുത്ത് മാലിന്യ സംസ്കരണത്തിനായി തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റ് തുടങ്ങാൻ തീരുമാനിച്ചത്. ലീസ് ഭൂമിക്ക് പുറമെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം രണ്ട് സെന്റ് സ്ഥലത്തും യൂനിറ്റ് തുടങ്ങുന്നുണ്ട്. ശുചിത്വമിഷൻ പദ്ധതിക്ക് കീഴിൽ 4.38 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പാലക്കാട് മുണ്ടൂർ ഐ.ആർ.ടി.സിക്കാണ് നിർമാണച്ചുമതല. യൂനിറ്റിന്റെ പ്രവർത്തനം പഞ്ചായത്ത് ഹരിത സേനയുടെ നേതൃത്വത്തിൽ നടത്താനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.