പ്രസിദ്ധീകരണങ്ങൾ വെട്ടിക്കുറച്ചു; പഞ്ചായത്ത് വായനശാല ശോച്യാവസ്ഥയിൽ

ബാലുശ്ശേരി: പ്രസിദ്ധീകരണങ്ങൾ വെട്ടിക്കുറച്ചതോടെ ബാലുശ്ശേരി പഞ്ചായത്ത് വായനശാല ശോച്യാവസ്ഥയിലേക്ക്. ഒരുകാലത്ത് ജില്ലയിലെ ബി ഗ്രേഡ് ലൈബ്രറി ആൻഡ് റീഡിങ് കേന്ദ്രമായിരുന്ന പഞ്ചായത്ത് വായനശാല ഇന്ന് വായനക്കാവശ്യമായ പ്രസിദ്ധീകരണങ്ങളില്ലാത്ത അവസ്ഥയിലാണ്. മലയാളത്തിലെ എല്ലാ ദിനപത്രങ്ങളും രണ്ട് ഇംഗ്ലീഷ് പത്രങ്ങളും കൂടാതെ ഒട്ടുമിക്ക വാരികകളും വായനശാലയിൽ ഉണ്ടായിരുന്നു. ഇന്ന് വെറും മൂന്ന് ദിനപത്രങ്ങളും കുറെ സർക്കാർ ബുള്ളറ്റിനുകളും മാത്രമാണുള്ളത്. വാരികകൾ വാങ്ങാറുമില്ല. നേരത്തേ കുറെ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും കോവിഡ് കാലം വന്നതോടെ എല്ലാം നിർത്തുകയായിരുന്നു എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. 2009ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയതോടെയാണ് വായനശാല വായനക്കാരിൽനിന്ന് അകന്നുതുടങ്ങിയത്. ബാലുശ്ശേരിയിലെ സന്ധ്യ തിയറ്റർ ഉടമസ്ഥരായ യദുരാജും ജീവൻരാജും സൗജന്യമായി നൽകിയ എട്ടു സെന്റ് സ്ഥലത്ത് 2009ൽ 10 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പുതിയ ഇരുനില കെട്ടിടം നിർമിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയാണ് പുതിയ ലൈബ്രറി കെട്ടിടം വായനക്കാർക്കായി തുറന്നുകൊടുത്തത്. വായനശാലയോടനുബന്ധിച്ച് കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും അത് നടന്നില്ല. ഇന്നിപ്പോൾ കെട്ടിടംതന്നെ ജീർണാവസ്ഥയിലായിരിക്കുകയാണ്. സ്ഥിരം ജീവനക്കാരനായി ഒരു ലൈബ്രേറിയൻ ഉണ്ടെങ്കിലും ജോലി കുറവായതിനാൽ പഞ്ചായത്ത് ഓഫിസിൽ തന്നെ മറ്റു ജോലി ചെയ്താണ് കഴിഞ്ഞുകൂടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.