ഭിന്നശേഷിക്കാരിയുടെ സ്വത്ത് വിറ്റു; തുക തിരിച്ചടപ്പിച്ച് നാഷനൽ ട്രസ്റ്റ് എൽ.എൽ.സി

കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയുടെ സ്വത്ത് വിൽപന നടത്തിയെന്ന പരാതിയിൽ ബന്ധുക്കളോട് പണം തിരികെ അടപ്പിച്ച് നാഷനൽ ട്രസ്റ്റ് എൽ.എൽ.സി ജില്ല സമിതി. ഒളവണ്ണ പഞ്ചായത്തിലെ രക്ഷിതാക്കൾ മരിച്ച ഭിന്നശേഷിക്കാരിയുടെയും സഹോദരിയുടെയും പേരിലുള്ള 60 സെന്റ് ഭൂമിയാണ് മാനദണ്ഡങ്ങൾ പാലിക്കാതെ വിൽപന നടത്തിയത്. സ്ഥലം വിൽപന നടത്തിയ ബന്ധു പണം ഭിന്നശേഷിക്കാരിയുടെ പേരിൽ നിക്ഷേപിക്കാത്തതാണ് പരാതിക്കിടയാക്കിയത്. വിഷയത്തിൽ ഇടപെട്ട സമിതി 53 ലക്ഷം രൂപ സമിതിയുടെ പേരിൽ ബാങ്ക് ഓഫ് ബറോഡ പാലാഴി ശാഖയിൽ സ്ഥിര നിക്ഷേപം ചെയ്യിച്ചു. നാഷനൽ ട്രസ്റ്റ് ആക്ട് 1999 നിയമപ്രകാരം ഓട്ടിസം, സെറിബ്രൽ പാൾസി, മൻെറൽ റിട്ടാർ ഡേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റിയുള്ളവരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്ന ജില്ല കലക്ടർ ചെയർമാനാകുന്ന അർധ ജുഡീഷ്യറി കമ്മിറ്റിയാണ് നാഷനൽ ട്രസ്റ്റ് ജില്ലതല സമിതി. കോഴിക്കോട് നടന്ന യോഗത്തിൽ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കായുള്ള നിയമപരമായ രക്ഷാകർതൃത്വ സർട്ടിഫിക്കറ്റിന് 20 പേർക്ക് ഓൺലൈൻ ഹിയറിങ്ങിലുടെ അനുവാദം നൽകി. നിരാമയ ഇൻഷുറൻസിന് മുഴുവൻ പേരെയും പരിഗണിച്ചു. സ്വത്ത് സംബന്ധമായ അഞ്ച് അപേക്ഷകളും പരിഗണിച്ചു. അർഹതപ്പെട്ട ആശ്വാസകിരണം വികലാംഗ പെൻഷൻ, സ്കോളർഷിപ്, റേഷൻകാർഡ്, സ്പെഷൽ എംപ്പോയ്മൻെറ് രജിസ്ട്രേഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ക്ഷേമകാര്യങ്ങളും ലഭിക്കാത്തവർക്ക് അത് ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി. നാഷനൽ ട്രസ്റ്റ് ജില്ലതല ചെയർമാൻ കൂടിയായ കലക്ടർ ഡോ. എൻ. തേജ്ലോഹിത് റെഡി, ജില്ലതല കൺവീനർ പി. സിക്കന്തർ, ഡോ. പി.ഡി. ബെന്നി, അസി. കലക്ടർ മുകുന്ദ് കുമാർ, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റിൻ സാമൂഹികനീതി ഓഫിസർ അഷ്റഫ് കാവിൽ, ജില്ല രജിസ്ട്രാർ എ.ബി. സത്യൻ, ലോ ഓഫിസർ സലിം പർവീസ്, ഡോ. വി.ആർ. ലതിക, പി.കെ.എം. സിറാജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.