കാമ്പസ് വഴി ജോലി: ചരിത്രനേട്ടവുമായി എൻ.ഐ.ടി കോഴിക്കോട്

നാല് ബി.ടെക് വിദ്യാർഥികൾക്ക് 67.6 ലക്ഷം രൂപ വാർഷിക ശമ്പളം ചാത്തമംഗലം: കാമ്പസ് വഴി വിദ്യാർഥികൾക്ക് ജോലി നേടിക്കൊടുക്കുന്നതിൽ ചരിത്ര നേട്ടവുമായി കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. 2022 ജനുവരിയിൽ സമാപിച്ച പ്ലേസ്‌മെന്റ് കാമ്പയിനിന്റെ ആദ്യ സെഷനിൽതന്നെ 950 വിദ്യാർഥികൾക്ക് ജോലി വാഗ്ദാനം ലഭിച്ചു. അടുത്ത ജൂൺ വരെ നീളുന്ന കാമ്പയിനിൽ ഇതിനകം ലഭിച്ച ഈ ഓഫറുകൾ എൻ.ഐ.ടി കോഴിക്കോടിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്നതാണ്. പൂർണമായും ഓൺലൈൻ രീതി ആയതിനാൽ കുട്ടികളെ തേടി ഇത്തവണ 190 കമ്പനികളെത്തി. പ്രതിവർഷം ശരാശരി 13 ലക്ഷം രൂപ തുടക്ക ശമ്പളമായി ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് ലഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിലെ നാല് ബി.ടെക് വിദ്യാർഥികൾ 67.6 ലക്ഷം രൂപയുടെ ഏറ്റവും ഉയർന്ന വാർഷിക വരുമാനം നേടി. മുൻ വർഷം ഇത് 43 ലക്ഷം രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പ്ലേസ്‌മെന്റിൽ 70 ശതമാനം വർധനവുണ്ടായി. ഐ.ടി/അനലിറ്റിക്‌സ് സ്ഥാപനങ്ങളിലെ ജോലി സാധ്യത മുന്നിൽകണ്ട് 2021 വേനൽ അവധിക്കാലത്ത് പൂർവ വിദ്യാർഥികളുടെ പിന്തുണയോടെ രണ്ടു മാസത്തെ പരിശീലനം നടത്തിയതും ജോലി ലഭ്യത കൂട്ടി. ബജാജ് ഓട്ടോ, എക്സൺ മൊബൈൽ, മാരുതി സുസുകി , മെഴ്‌സിഡസ് ബെൻസ്, ഫോർഡ് മോട്ടോർ, ടാറ്റാ ഗ്രൂപ്, അദാനി എന്റർപ്രൈസ്, റിലയൻസ്, ആദിത്യ ബിർള, എൽ ആൻഡ് ടി, എം.ആർ.എഫ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, കോളിൻസ് എയ്റോസ്പേസ്, സീമെൻസ്, ഓല, ഐ.ബി.എം, സാംസങ്, ജി.ഇ ഇന്ത്യ, ഡെൽ ടെക്‌നോളജീസ് തുടങ്ങിയ പ്രശസ്ത കോർ എൻജിനീയറിങ് സ്ഥാപനങ്ങളിൽനിന്ന് വിദ്യാർഥികൾക്ക് ഓഫറുകൾ ലഭിച്ചു. ഐ.ടി/അനലിറ്റിക്സ് മേഖലയിൽ, ട്രാക്ബിൾ എ.എൽ, ഡി.ഇ ഷോ ഇന്ത്യ, ആമസോൺ, അർകസ്യം , അറ്റ്ലാഷ്യൻ, അമേരിക്കൻ എക്സ്പ്രസ്, ഗോൾഡ്മാൻ സാച്സ്, ജെ.പി മോർഗൻ ചേസ്, സിറ്റി ഇന്ത്യ, അക്‌സെഞ്ച്വർ, ഒറക്കിൾ, ക്വാൽകം തുടങ്ങിയ കമ്പനികളാണ് ജോലി വാഗ്ദാനം ചെയ്തത്. കൺസൾട്ടിങ്/ ജനറൽ മാനേജ്‌മെന്റ്/ ബാങ്കിങ് കോർപറേറ്റ് മേഖലകളിൽ ഡെല്ലോയ്റ്റ് ഇന്ത്യ , ക്യാപ്ജമിനി, ഐ.സി.ഐ.സി.ഐ, ഫെഡറൽ ബാങ്ക്, ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ എന്നീ കമ്പനികളും വിദ്യാർഥികളെ റിക്രൂട്ട് ചെയ്തു. നിലവിലെ മൂന്നാം വർഷ ബി.ടെക് വിദ്യാർഥികൾക്കും വേനലവധിക്ക് രണ്ട് മാസത്തെ ഇന്റേൺഷിപ്പിന് 190 ഓഫറുകൾ ലഭിച്ചു. ഇക്കാലയളവിൽ പ്രതിമാസം 15,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സ്റ്റൈപൻഡും ലഭിക്കും. Photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.