വിദ്യാർഥി മുങ്ങിമരിച്ച സംഭവം: ഫയർ ഫോഴ്‌സ് അനാസ്ഥക്കെതിരെ പരാതി

കുന്ദമംഗലം: താളിക്കുണ്ട് പുഴയിൽ കഴിഞ്ഞ ദിവസം വിദ്യാർഥി മുങ്ങിമരിച്ച സംഭവത്തിൽ ഫയർഫോഴ്‌സ് അനാസ്ഥ കാണിച്ചെന്ന് പരാതി. വിദ്യാർഥിയെ കാണാതായ ഉടൻ നാട്ടുകാർ വെള്ളിമാട്കുന്ന് ഫയർഫോഴ്‌സ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ എത്രയും പെട്ടെന്ന് എത്തുമെന്ന് മറുപടി നൽകിയെങ്കിലും കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് ഫയർ ഫോഴ്‌സ് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ പലതവണ ഫയർഫോഴ്സുമായി ബന്ധപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവിസ് സംസ്ഥാന ഡയറക്ടർ ജനറലിന് പരാതി നൽകി. ഫയർഫോഴ്‌സിന്റെ ഭാഗത്ത് ജനങ്ങൾ ആരോപിക്കുന്ന വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് പരാതിയിൽ ആവശ്യ​പ്പെട്ടത്. അതേസമയം ഫയർ ഫോഴ്‌സിനെ നാട്ടുകാർ ബന്ധപ്പെട്ടപ്പോൾ വൈകാതെ അവർ സ്ഥലത്ത് എത്തിയെന്നും അപ്പോഴേക്കും പുഴയിൽ മുങ്ങിയ വിദ്യാർഥിയെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് ഫയർ ഫോഴ്‌സിന്റെ വിശദീകരണം. പെരുന്നാൾ ദിവസം ബന്ധുവീട്ടിൽ വന്ന കൊടുവള്ളി പറമ്പത്ത് കാവ് മണ്ണാറക്കൽ സ്വദേശി സുബൈറിന്റെ മകൻ മുഹമ്മദ് സിനാൻ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.