ഭക്ഷ്യസുരക്ഷ ലൈസൻസ്​: പുതുക്കാൻ മറന്നും മടിച്ചും സ്ഥാപനങ്ങൾ

കോഴിക്കോട്​: ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത്​ നിരവധി സ്ഥാപനങ്ങൾ. ഹോട്ടലുകളും സൂപ്പർ മാർക്കറ്റുകളും മുതൽ ഭ​​​​ക്ഷ്യഉൽപാദന സ്ഥാപനങ്ങൾവരെ ചിലത്​ ലൈസൻസില്ലാതെ പ്രവർത്തിക്കുകയാണ്​. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധനകളിലാണ്​ ലൈസൻസില്ലാതെ നിരവധി പേർ പ്രവർത്തിക്കുന്നതായി തെളിഞ്ഞത്​. ലൈസൻസ്​ കാലാവധി കഴിഞ്ഞതിനാൽ പുതുക്കാത്തവരാണ്​ കൂടുതലും. തീരെ ലൈസൻസ്​ എടു​ക്കാത്ത ഹോട്ടലുകളും മറ്റും പ്രവർത്തിക്കുന്നതായും വ്യക്​തമായി. ചിലർ ലൈസൻസ്​ പുതുക്കാൻ മറന്നതായാണ്​ ഉദ്യോഗസ്ഥരോട്​ പറഞ്ഞത്​. വൃത്തിയില്ലായ്മയും ഭക്ഷണപദാർഥങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യലും പതിവായിരിക്കുന്നതിനിടെയാണ്​ കട പ്രവർത്തിപ്പിക്കാനാവശ്യമായ പ്രാഥമിക നടപടിയായ ലൈസൻസ്​ പോലും കച്ചവടക്കാരിൽ ചിലർ അവഗണിക്കുന്നത്​. ഏറ്റവും എളുപ്പത്തിൽ അപേക്ഷിക്കാവുന്നതും ലഭ്യമാകുന്നതുമാണ്​ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ​ലൈസൻസ്​. ഓൺലൈനായി അപേക്ഷിക്കാം. കാലാവധി തീരുന്നതിന്‍റെ ആറു മാസം മുമ്പ്​ മുതൽ പുതുക്കാനുള്ള സൗകര്യവുമുണ്ട്​. എന്നാൽ, പലരും ഇക്കാര്യം തീരേ അവഗണിക്കുകയാണ്​. ഒരു വർഷം മുതൽ അഞ്ച്​ വർഷം വരെയാണ് കാലാവധി. ഭക്ഷ്യഎണ്ണ, കറിപ്പൊടി തുടങ്ങി വിവിധ ഉൽപന്നങ്ങളുണ്ടാക്കുന്നവർക്ക്​ വർഷത്തിൽ 3000 രൂപയാണ്​ ​ലൈൻസ്​ ഫീ. കടകൾക്കും ഹോട്ടലുകൾക്കും 2000 രൂപയാണ്​ വാർഷിക ഫീ. തട്ടുകടകൾ വരെ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നിയന്ത്രണത്തിൽ വരണമെന്നാണ്​ ചട്ടം. രജിസ്​ട്രേഷൻ ഫീസ്​ എന്ന നിലയിൽ നൂറു രൂപ വർഷം തോറും ഓരോ തട്ടുകടക്കാരും നൽകണം. വിൽപനക്കായി വീടുകളിൽ നിർമിക്കുന്ന കേക്കടക്കമുള്ള ഭക്ഷ്യസാധനങ്ങൾക്കും ലൈസൻസ്​ വേണം. ജില്ലയിൽ നിലവിൽ 22000 ചെറുകിട സംരംഭങ്ങൾക്ക്​ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ ലൈസൻസുണ്ട്​. ഹോട്ടലുകളും വലിയ കടകളുമടക്കം 5000 ലൈസൻസ്​ വേറെയും നൽകിയിട്ടുണ്ട്​. ലൈസൻസ്​ പുതുക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ നിയമമുണ്ട്​. കേസ്​ ഫയൽ ചെയ്താൽ അഞ്ച്​ ലക്ഷം രൂപവരെ പിഴ ലഭിക്കും. എന്നാൽ, കോടതിയിലേക്ക്​ കേസ്​ നീട്ടാതെ താൽക്കാലം ചെറിയ പിഴയായ 5000 രൂപയടക്കാനാണ്​ ഇപ്പോൾ ഭക്ഷ്യസുരക്ഷ വകുപ്പ്​ നിർദേശിക്കുന്നത്​. ആവർത്തിച്ചാൽ കർശനമായ നടപടിയുണ്ടാകും. ജില്ലയിൽ വിവിധയിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന തുടരുകയാണ്​. കുറ്റ്യാടി സർക്കിളിന് കീഴിൽ ലൈമൂൺ റസ്റ്റാറന്‍റ്​ കക്കട്ടിൽ, കാന്താരി കാറ്ററിങ് ആൻഡ് റസ്റ്റാറന്‍റ്​ എന്നി സ്ഥാപനങ്ങൾ അടച്ചു. അതേസമയം, ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പരിശോധന കർശനമാക്കിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.