Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:07 AM GMT Updated On
date_range 6 May 2022 12:07 AM GMTഭക്ഷ്യസുരക്ഷ ലൈസൻസ്: പുതുക്കാൻ മറന്നും മടിച്ചും സ്ഥാപനങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് നിരവധി സ്ഥാപനങ്ങൾ. ഹോട്ടലുകളും സൂപ്പർ മാർക്കറ്റുകളും മുതൽ ഭക്ഷ്യഉൽപാദന സ്ഥാപനങ്ങൾവരെ ചിലത് ലൈസൻസില്ലാതെ പ്രവർത്തിക്കുകയാണ്. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധനകളിലാണ് ലൈസൻസില്ലാതെ നിരവധി പേർ പ്രവർത്തിക്കുന്നതായി തെളിഞ്ഞത്. ലൈസൻസ് കാലാവധി കഴിഞ്ഞതിനാൽ പുതുക്കാത്തവരാണ് കൂടുതലും. തീരെ ലൈസൻസ് എടുക്കാത്ത ഹോട്ടലുകളും മറ്റും പ്രവർത്തിക്കുന്നതായും വ്യക്തമായി. ചിലർ ലൈസൻസ് പുതുക്കാൻ മറന്നതായാണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൃത്തിയില്ലായ്മയും ഭക്ഷണപദാർഥങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യലും പതിവായിരിക്കുന്നതിനിടെയാണ് കട പ്രവർത്തിപ്പിക്കാനാവശ്യമായ പ്രാഥമിക നടപടിയായ ലൈസൻസ് പോലും കച്ചവടക്കാരിൽ ചിലർ അവഗണിക്കുന്നത്. ഏറ്റവും എളുപ്പത്തിൽ അപേക്ഷിക്കാവുന്നതും ലഭ്യമാകുന്നതുമാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ലൈസൻസ്. ഓൺലൈനായി അപേക്ഷിക്കാം. കാലാവധി തീരുന്നതിന്‍റെ ആറു മാസം മുമ്പ് മുതൽ പുതുക്കാനുള്ള സൗകര്യവുമുണ്ട്. എന്നാൽ, പലരും ഇക്കാര്യം തീരേ അവഗണിക്കുകയാണ്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെയാണ് കാലാവധി. ഭക്ഷ്യഎണ്ണ, കറിപ്പൊടി തുടങ്ങി വിവിധ ഉൽപന്നങ്ങളുണ്ടാക്കുന്നവർക്ക് വർഷത്തിൽ 3000 രൂപയാണ് ലൈൻസ് ഫീ. കടകൾക്കും ഹോട്ടലുകൾക്കും 2000 രൂപയാണ് വാർഷിക ഫീ. തട്ടുകടകൾ വരെ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നിയന്ത്രണത്തിൽ വരണമെന്നാണ് ചട്ടം. രജിസ്ട്രേഷൻ ഫീസ് എന്ന നിലയിൽ നൂറു രൂപ വർഷം തോറും ഓരോ തട്ടുകടക്കാരും നൽകണം. വിൽപനക്കായി വീടുകളിൽ നിർമിക്കുന്ന കേക്കടക്കമുള്ള ഭക്ഷ്യസാധനങ്ങൾക്കും ലൈസൻസ് വേണം. ജില്ലയിൽ നിലവിൽ 22000 ചെറുകിട സംരംഭങ്ങൾക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ ലൈസൻസുണ്ട്. ഹോട്ടലുകളും വലിയ കടകളുമടക്കം 5000 ലൈസൻസ് വേറെയും നൽകിയിട്ടുണ്ട്. ലൈസൻസ് പുതുക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ നിയമമുണ്ട്. കേസ് ഫയൽ ചെയ്താൽ അഞ്ച് ലക്ഷം രൂപവരെ പിഴ ലഭിക്കും. എന്നാൽ, കോടതിയിലേക്ക് കേസ് നീട്ടാതെ താൽക്കാലം ചെറിയ പിഴയായ 5000 രൂപയടക്കാനാണ് ഇപ്പോൾ ഭക്ഷ്യസുരക്ഷ വകുപ്പ് നിർദേശിക്കുന്നത്. ആവർത്തിച്ചാൽ കർശനമായ നടപടിയുണ്ടാകും. ജില്ലയിൽ വിവിധയിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന തുടരുകയാണ്. കുറ്റ്യാടി സർക്കിളിന് കീഴിൽ ലൈമൂൺ റസ്റ്റാറന്‍റ് കക്കട്ടിൽ, കാന്താരി കാറ്ററിങ് ആൻഡ് റസ്റ്റാറന്‍റ് എന്നി സ്ഥാപനങ്ങൾ അടച്ചു. അതേസമയം, ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പരിശോധന കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story