കാൾ ടാക്സി സർവിസ്: സി.ഐ.ടി.യുവിനെതിരെ എ.ഐ.ടി.യു.സി

വടകര: കാൾ ടാക്സികൾക്ക് പാർക്കിങ് അനുവദിക്കാത്ത സി.ഐ.ടി.യു നടപടിക്കെതിരെ എ.ഐ.ടി.യു.സി രംഗത്ത്. കഴിഞ്ഞദിവസം സംയുക്ത മോട്ടോർ തൊഴിലാളി സംഘടിപ്പിച്ച ആർ.ടി ഓഫിസ് മാർച്ചിൽ സി.ഐ.ടി.യു നേതാവ് നടത്തിയ പ്രസംഗം ജനങ്ങളേയും തൊഴിലാളികളേയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.ഐ.ടി.യു.സി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ അഞ്ച് വീതം ഓട്ടോ ടാക്സി എന്നനിലയിൽ സർവിസ് നടത്താൻ അനുവദിക്കണമെന്നാണ് എ.ഐ.ടി.യു.സി ആർ.ടി.ഒ വിളിച്ചുചേർത്ത യോഗത്തിൽ നിർദേശിച്ചത്. എന്നാൽ, മുനിസിപ്പൽ ഓഫിസിന് സമീപം സർവിസ് നടത്താനാണ് ആർ.ടി.ഒ നിർദേശിച്ചത്. എന്നാൽ, ഈ നിർദേശം യൂനിയൻ തള്ളുകയാണുണ്ടായതെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ, അനുവദിച്ച സ്റ്റാൻഡിൽനിന്ന് സർവിസ് നടത്തണമെന്ന കോഓഡിനേഷൻ കമ്മിറ്റിയുടെ മുദ്രാവാക്യം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചില സംഘടനകൾ മർക്കടമുഷ്ടി ഉപയോഗിച്ച് അവർ മാത്രം സർവിസ് നടത്തിയാൽ മതിയെന്ന തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. ഓട്ടോ ടാക്സി തൊഴിലാളികൾക്കും മാന്യമായി തൊഴിൽചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ അധികൃതർ തയാറാകണം. കാലം മാറുന്നതിനനുസരിച്ച് പുതിയത് ഉൾക്കൊള്ളാൻ സംഘടനകൾക്ക് കഴിയണമെന്ന് കേരള ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ യൂനിയൻ വർക്കിങ് പ്രസിഡന്റ് പി. സജീവ് കുമാർ, സെക്രട്ടറി എം.ടി. സുബൈർ, വൈസ് പ്രസിഡന്റ് പ്രദീപ് പള്ളിയിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.