കായണ്ണയിൽ ഭക്ഷ്യ വിഷബാധ; നൂ​റോളം പേർ ചികിത്സ തേടി

പേരാമ്പ്ര : കായണ്ണയിൽ വിവാഹ വീട്ടിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പേരാമ്പ്ര ഗവ: താലൂക്കാശുപത്രി, ഇ.എം.എസ് സഹകരണാശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല. കൂടുതലും കുട്ടികളെയാണ് ബാധിച്ചത്. വയറിളക്കം, ഛർദി, പനി തുടങ്ങിയ രോഗങ്ങളോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കായണ്ണ രണ്ടാം വാർഡിലെ വീട്ടിൽ ഈ മാസം 7, 8 തീയതികളിലാണ് വിവാഹം നടന്നത്. തലേ ദിവസം പങ്കെടുത്തവർക്കും വിവാഹ ദിവസം പങ്കെടുത്തവർക്കും വിഷബാധ ഏറ്റിട്ടുണ്ട്. അതുകൊണ്ടു തന്നെ വെള്ളത്തിൽ നിന്നാണോ വിഷബാധയേറ്റതെന്ന സംശയമുണ്ട്. ആരോഗ്യ വകുപ്പധികൃതർ വെള്ളത്തിന്റെ സാമ്പ്ൾ പരിശോധനക്കയച്ചിട്ടുണ്ട്. പേരാമ്പ്ര താലൂക്കാശുപത്രിയിൽ കുട്ടികളുടെ ഡോക്ടർമാരില്ലാത്തത് പ്രതിഷേധത്തിനിടയാക്കി. നിരവധി കുട്ടികൾ ചികിത്സക്കെത്തിയെങ്കിലും സ്പെഷലിസ്റ്റ് ഡോക്ടർ ഇല്ലാത്തതോടെ അവർ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.