ബാലുശ്ശേരി മഞ്ഞപ്പുഴ പുനരുജ്ജീവനപദ്ധതി പ്രവൃത്തി ഉദ്ഘാടനം 27 ന്

ബാലുശ്ശേരി: മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സായ മഞ്ഞപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തി ബാലുശ്ശേരി കോട്ടനട പുഴയോരത്ത് 27 ന് ഉച്ചക്ക് 2.30 ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.എം. സചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. മഞ്ഞപ്പുഴ സംരക്ഷണത്തിനായി എട്ടു കോടിയുടെ വിപുലമായ പദ്ധതികളാണ് ഇറിഗേഷൻ വിഭാഗം തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റിൽ ആദ്യഘട്ട പ്രവർത്തനത്തിനായി രണ്ടു കോടി നീക്കിവെച്ചിട്ടുണ്ട്. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണവും കൃഷി ആവശ്യത്തിനും മുഖ്യ ആശ്രയം മഞ്ഞപ്പുഴയാണ്. ജലസംരക്ഷണം, കൃഷി ആവശ്യത്തിനായുള്ള ജലസേചന പ്രവർത്തനങ്ങൾ എന്നിവക്കാണ് ആദ്യഘട്ടത്തിൽ പ്രാധാന്യം കൊടുക്കുക. കോട്ട നട ആറാളക്കൽതാഴെ ചെക്ക്ഡാം നിർമിച്ച് ലിഫ്റ്റ് ഇറിഗേഷൻ വഴി കോട്ട നടവയലിലെ നെൽകൃഷി സംരക്ഷണം ഉറപ്പാക്കും. പുഴയുടെ സ്വച്ഛന്ദമായ ഒഴുക്കിന് തടസ്സമാകുന്ന മണൽതിട്ടകൾ നീക്കം ചെയ്യും. കാട്ടാമ്പള്ളി ബണ്ടിന്റെ നവീകരണ പ്രവൃത്തിയും ഒന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായി നടത്തും. രണ്ടാം ഘട്ടത്തിൽ മഞ്ഞപ്പുഴയുടെ തീരത്ത് സൗന്ദര്യവത്കരണം നടത്തി ടൂറിസം സാധ്യതകൾ പ്രയോജനപ്രദമാക്കുകയാണ് ലക്ഷ്യം. പുഴയോരത്ത് കൂടി നടപ്പാത നിർമിച്ച് വ്യായാമ ഉപകരണങ്ങളടക്കമുള്ള സെന്ററുകളും നിർമിക്കും. തകർന്ന വിസിബികളുടെ നവീകരണവും രണ്ടാം ഘട്ടത്തിൽ നടത്തും. ഒമ്പത് കിലോമീറ്റർ ദൈർഘ്യമുള്ള മഞ്ഞപ്പുഴയുടെ ഉത്ഭവം വയലട മലയിൽ നിന്നാണ്. രാമൻ പുഴയിലാണ് സംഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.