ആളുമാറി പിടികൂടിയ ഓട്ടോ ഡ്രൈവറുടെ ​നട്ടെല്ലൊടിച്ച്​ പൊലീസ്​, അബദ്ധം മനസ്സിലാക്കിയപ്പോൾ ഉഴിച്ചിലിന്​ 500 രൂപയും

തിരുവനന്തപുരം: മോഷണക്കേസ് പ്രതിയെന്ന്​ തെറ്റിദ്ധരിച്ച് പിടികൂടിയ ഓട്ടോ ഡ്രൈവർക്ക്​ പൊലീസിന്‍റെ ക്രൂരമർദനം. അബദ്ധം മനസ്സിലാക്കിയപ്പോൾ ഉഴിച്ചിലിനായി 500 രൂപ നൽകി വിട്ടു. സെക്രട്ടേറിയറ്റിന്​ കിലോമീറ്റർ മാത്രം അകലെ മണക്കാടാണ്​ ഫോർട്ട്​ പൊലീസിന്‍റെ ക്രൂരത. മർദനത്തിൽ നട്ടെല്ലിന്​ പരിക്കേറ്റ അമ്പലത്തറ സ്വദേശി ആർ. കുമാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്​. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. രാത്രി മണക്കാട്​ സ്റ്റാൻഡിലെത്തിയ പൊലീസ്​ ഇതാരുടെ ഓട്ടോയാണെന്ന് ചോദിച്ചത്രെ. തന്‍റെയാണെന്ന് പറഞ്ഞപ്പോള്‍ പൊലീസുകാർ മർദിച്ചതായി കുമാർ പറയുന്നു. ബലം പ്രയോഗിച്ച്​ ജീപ്പിനകത്തേക്ക്​ കയറ്റി. ജീപ്പിനുള്ളിലും മർദിച്ചു. ഫോർട്ട് സ്​റ്റേഷനിലെത്തിച്ചപ്പോഴും മൂന്ന്​ പൊലീസുകാർ മർദിച്ചു. കുമാറിന്‍റെ ഓട്ടോയുടെ അതേ പേരിലുള്ള ഓട്ടോ മോഷണം പോയതാണ്​ സംഭവങ്ങൾക്ക്​ ആധാരം. ഇതുസംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ്​ ആളുമാറി കുമാറിനെ പൊലീസ്​ പിടികൂടി മർദിച്ചതെന്നാണറിയുന്നത്​. പിന്നീട്​ ആളുമാറിയാണ് പിടികൂടിയതെന്ന്​ സമ്മതിച്ച പൊലീസ് ഉഴിച്ചിലിന് 500 രൂപ നൽകി കുമാറിനെ മടക്കി അയക്കുകയായിരുന്നത്രെ. കുമാറിന്‍റെ ഓട്ടോയുടെ പേരും പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഓട്ടോയുടെ പേരും ഒന്നായതാണ് തെറ്റിദ്ധാരണക്ക്​ കാരണമായതെന്ന് ഫോർട്ട് പൊലീസ് വിശദീകരിക്കുന്നു. കുമാറിനെ മർദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്ത്​ വിട്ടയക്കുകയായിരുന്നെന്നുമാണ്​ വിശദീകരണം. വീട്ടിലെത്തിയ കുമാർ തളർന്ന്​ വീണതിനെ തുടർന്ന് ആദ്യം ഫോർട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിലാണ് നട്ടെല്ലിന്​ പരിക്കേറ്റതായി കണ്ടെത്തിയത്. പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി ഭാര്യ ശ്യാമ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകി. പൊലീസ്​ രഹസ്യാന്വേഷണ വിഭാഗവും​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.