ഗവ. ജെ.എൻ.എം എച്ച്.എസ്.എസ് കെട്ടിടം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു 

അധ്യാപകർ വാക്സിൻ എടുക്കാത്തത്​ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല -മന്ത്രി

വടകര: അധ്യാപകർ വാക്‌സിനെടുക്കാതിരിക്കുന്നത് സർക്കാറിന് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻഡറിയിൽ കിഫ്ബി ഫണ്ട് അഞ്ചു കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്രത്തിനും യുക്തിക്കും ബന്ധമില്ലാത്ത നിലയിൽ വാക്സിനെടുക്കില്ലെന്ന് നിർബന്ധം പിടിക്കുന്നവരെ കേരള സമൂഹം ഒരിക്കലും പിന്തുണക്കില്ല. വിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ സുരക്ഷ പ്രധാനമാണ്. സ്കൂൾ തുറന്നശേഷം ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവാതിരുന്നത് ആശ്വാസകരമാണ്. ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പഠനസൗകര്യം സർക്കാർ ഉറപ്പുവരുത്തും.
21 താലൂക്കുകളിലായി 72 പ്ലസ് വൺ ബാച്ചുകൾ അനുവദിക്കും. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇനിയും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. ഹൈസ്കൂൾ ബ്ലോക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്‌കൂളിന് ബസ് അനുവദിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ദിവസം ഹോസ്​റ്റൽ സന്ദർശനസമയത്ത് കുട്ടികൾ എം.എൽ.എയെ യാത്രാബുദ്ധിമുട്ടുകൾ ധരിപ്പിച്ചിരുന്നു. പരിഹാരമായി 18 ലക്ഷം എം.എൽ.എ ഫണ്ടിൽനിന്ന്​ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു.
നഗരസഭ വൈസ് ചെയർമാൻ പി.കെ. സതീശൻ, പ്രിൻസിപ്പൽ കെ. നിഷ, പി.ടി.എ പ്രസിഡൻറ്​​ വി.കെ. ബിജു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിന്ധു പ്രേമൻ, എം. ബിജു, ഡി.ഇ.ഒ സി.കെ. വാസു, കൗൺസിലർമാരായ കെ.എം. ഹരിദാസൻ, പി. ബാലകൃഷ്ണൻ, പി. രജനി, ബി. ബാജേഷ്, സി.കെ. കരീം, പി.കെ. സിന്ധു, എ.ഇ.ഒ സി.കെ. ആനന്ദ്, വി.വി. വിനോദ്, ടി.പി. ഗോപാലൻ, രാഘവൻ നല്ലാടത്ത് തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു സ്വാഗതവും പ്രധാനാധ്യാപകൻ കെ.കെ. ബാബു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.