പരിസ്ഥിതി PACKAGE===കോമത്ത്ചാൽ മലയെ കൊന്ന് കരിങ്കൽ ക്വാറി

ബാലുശ്ശേരി: എരമംഗലം പ്രദേശത്തിന് ഭീഷണിയായി കരിങ്കൽ ക്വാറി. ബാലുശ്ശേരി പഞ്ചായത്തിലെ 14ാം വാർഡിൽപ്പെട്ട എരമംഗലം കോമത്ത്ചാൽ മലയെ കാർന്നുകൊണ്ടാണ് കോമത്ത്ചാൽ ക്വാറി പ്രവർത്തിക്കുന്നത്. പ്രവർത്തനം തുടങ്ങി രണ്ടു മാസമേ പിന്നിട്ടിട്ടുള്ളൂവെങ്കിലും സമീപപ്രദേശത്തെ നൂറിലധികം വീടുകൾക്ക് ഇപ്പോൾതന്നെ ഭീഷണിയായി തീർന്നിരിക്കയാണ്. ദിനം പ്രതി മുപ്പതിലധികം ടിപ്പർ ലോഡുകളാണ് ഇവിടെ നിന്നും കൊണ്ടു പോകുന്നത്. താഴ്വാരത്തെ ഖനനം കഴിയുന്നതിനനുസരിച്ച് മലയുടെ മുകളിലെ മണ്ണെടുത്തു മാറ്റിയാണ് ഖനനം തുടരുന്നത്. ക്വാറിയിൽനിന്നുള്ള സ്ഫോടന കാരണം സമീപപ്രദേശത്തെ ഒട്ടുമിക്ക വീടുകളിലെയും ചുമരുകൾ വീണ്ടുകീറിയിട്ടുണ്ട്. ക്വാറിക്ക് സമീപം താമസിക്കുന്നവരുടെ സമ്മതപത്രം വേണമെന്ന നിബന്ധനയുണ്ടെങ്കിലും തൊട്ട് സമീപത്ത് താമസിക്കുന്ന വയോധികയായ അതിരത്തിൽ കുഴിയിൽ സരോജിനി അമ്മയുടെ സമ്മതപത്രം ഇല്ലാതെയാണ് ക്വാറി പ്രവർത്തനം തുടങ്ങിയത്. ഇവരുടെ സമ്മതപത്രം വ്യാജ ഒപ്പിട്ട് സമർപ്പിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ക്വാറിയിൽ സ്ഫോടനം നടത്തുമ്പോൾ നടത്തിപ്പുകാർ തന്നെയെത്തി സരോജിനി അമ്മയോട് വീട്ടിൽ നിന്നും മാറി നിൽക്കാൻ പറയും. ക്വാറിക്ക് സമീപ പ്രദേശത്താണ് കെ.സി.എ.എൽ.പി സ്കൂൾ, ഗ്രീൻ വാലിപബ്ലിക്ക് സ്ക്കൂൾ, എരമംഗലം ജുമാഅത്ത് പള്ളി എന്നിവ പ്രവർത്തിക്കുന്നത്. ക്വാറിയിലെ നിരന്തര സ്ഫോടനം കാരണം സമീപത്തെ കിണറുകളിലെ വെള്ളവും മലിനമാകുകയാണ്. പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന കരിങ്കൽ ക്വാറി പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ക്വാറിയുടെ പ്രവേശനവഴിക്കു മുമ്പിൽ നടത്തുന്ന പ്രതിഷേധ സമരം നാല് ദിവസം പിന്നിട്ടു. സ്ത്രീകളടക്കമുള്ളവർ പ്രതിഷേധ സമരരംഗത്തുണ്ട്. സുജിത് പറമ്പിൽ ചെയർമാനും റഫീഖ് പറമ്പിൽ കൺവീനറായുമുള്ള സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കാനുമുളള ഒരുക്കത്തിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.