കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ മധ്യപ്രദേശിൽ ആക്രമണം. കൊള്ളസംഘമാണ് ആക്രമണം നടത്തിയതെന്ന് ആംബുലൻസ് ഓടിച്ച സന്നദ്ധപ്രവർത്തകനായ ടി. ഫഹദ് അറിയിച്ചു. ശനിയാഴ്ച രാവിലെ 11ഓടെ ജബൽപൂരിൽനിന്ന് റീവക്ക് പോകുന്ന റൂട്ടിലാണ് സംഭവം.
ഗ്ലാസ് പൂർണമായി തകർന്നതിനാൽ മുന്നോട്ടുപോവാനാവാത്ത അവസ്ഥയാണ് എന്ന് ഫഹദ് അറിയിച്ചു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട് മെഡി. കോളജ് മോർച്ചറിയിൽനിന്ന് ബിഹാർ സ്വദേശി അൻവറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രെയിൻതട്ടി മരിച്ചതായിരുന്നു. ബന്ധുക്കൾ കൂടെയുണ്ട്. ദരിദ്ര കുടുംബത്തിലെ ആളുടെ മൃതദേഹം കൊണ്ടുപോകാൻ ബന്ധുക്കളുടെ കൈയിൽ ആവശ്യത്തിന് പണമില്ലായിരുന്നു. ചെറിയ വാടക ഈടാക്കിയാണ് മൃതദേഹം കൊണ്ടുപോവുന്നതെന്ന് ഫഹദ് പറഞ്ഞു.
ട്രെയിൻതട്ടി നാല് കഷ്ണമായിപ്പോയ മൃതദേഹമാണ് കൊണ്ടുപോകുന്നത്. ഇനിയും 600 കിലോമീറ്റർ സഞ്ചരിക്കാനുണ്ട്. കഴിഞ്ഞദിവസം ഹൈദരാബാദിൽ ജനറേറ്റർ ആക്രമികൾ കേടുവരുത്തി. ഇത് ശരിയാക്കുംവരെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ സഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ലെന്ന് ഫഹദ് അറിയിച്ചു.
കോവിഡ് കാലത്ത് കോഴിക്കോട്ട് മാതൃകാപരമായ സേവനമനുഷ്ഠിച്ച സന്നദ്ധപ്രവർത്തകനാണ് ടി. ഫഹദ്. മാത്തറ സ്വദേശി രാഹുലാണ് ആംബുലൻസിൽ ഫഹദിനെ സഹായിക്കാനുള്ളത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ബിഹാർ മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.