കോഴിക്കോട്: ബംഗളൂരൂവിൽ മിലിട്ടറി ഇന്റലിജൻസ് അറസ്റ്റുചെയ്ത വയനാട് സ്വദേശി കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പിടികിട്ടാപ്പുള്ളി. 2017ൽ നഗരത്തിൽ രണ്ടിടങ്ങളിൽ സമാന്തര എക്സ്ചേഞ്ച് സ്ഥാപിച്ച കേസിലെ പ്രതി വയനാട് സ്വദേശി ഷറഫുദ്ദീനാണ് (41) ചൊവ്വാഴ്ച അറസ്റ്റിലായത്. ആർമിയുടെ സതേൺ കമാൻഡന്റ് മിലിട്ടറി ഇന്റലിജൻസും ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും (സി.സി.ബി) സംയുക്തമായാണ് ഇയാളെ പിടികൂടിയത്.
ഇയാളും കൂട്ടാളികളും 58 ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ഭുവനേശ്വരി നഗർ, ചിക്കസാന്ദ്ര, സിദ്ധേശ്വർ എന്നിവിടങ്ങളിലെ നാലിടങ്ങളിലായി സമാന്തര എക്സ്ചേഞ്ചുകൾ ഒരുക്കി 2,144 സിം കാർഡുകൾ സ്ഥാപിച്ച് രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റാൻ ശ്രമിച്ചതായി പ്രാഥമിക അന്വേഷണത്തിൽതന്നെ കണ്ടെത്തിയതായാണ് വിവരം. ഇയാളുടെ നേതൃത്വത്തിൽ കോഴിക്കോട് ആനിഹാൾ റോഡിലെ പി.ബി.എം ബിൽഡിങ്ങിന്റെ രണ്ടാം നിലയിലെ മുറിയിലും സൗത്ത് ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫിസിനടുത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിലും പ്രവർത്തിച്ച സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ 2017 നവംബർ 27നാണ് രഹസ്യ വിവരത്തെ തുടർന്ന് ടെലികോം എൻഫോഴ്സ്മെൻറ് ടൗൺ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയത്. നൂറിലേറെ സിം കാർഡുകൾ, സിം ബോക്സ്, കമ്പ്യൂട്ടർ തുടങ്ങിയവ ഇവിടെനിന്ന് പിടിച്ചിരുന്നു.
ഇന്ത്യൻ വയർലെസ് ടെലിഗ്രാഫ് ആക്റ്റ്, ഇന്ത്യൻ ടെലിഗ്രാഫ് ആക്റ്റ്, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 406, 420 വകുപ്പുകൾ എന്നിവ പ്രകാരം ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷറഫുദ്ദീനെ കൂടാതെ അഫ്സൽ, ബിനു എന്നിവരായിരുന്നു പ്രതികൾ. രണ്ടാം പ്രതിയായ കുളങ്ങര പീടിക സ്വദേശി ബിനൂഷ് (34) പിന്നീട് പിടിയിലായെങ്കിലും ഷറഫുദ്ദീനും അഫ്സലും വിദേശത്തേക്ക് കടന്നു. അഞ്ചുവർഷത്തിന് ശേഷമാണിപ്പോൾ ഷറഫുദ്ദീൻ അറസ്റ്റിലാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.