ആ​വി​ക്ക​ൽ​തോ​ട് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ലു​ണ്ടാ​യ വാ​ക്ക്ത​ർ​ക്കം

ആവിക്കൽ തോട് പ്ലാന്റ്; സ്ഥലം പരിശോധിക്കനെത്തിയ സംഘത്തെ തടഞ്ഞു, പ്രതിഷേധം

കോഴിക്കോട്: ജനകീയ പ്രതിഷേധം കാരണം തുടങ്ങാനാവാത്ത ആവിക്കൽ മലിനജല സംസ്കരണ പ്ലാന്‍റ് പണിയുന്ന സ്ഥലം സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ സമരസമിതി ആഭിമുഖ്യത്തിൽ തടഞ്ഞു. കേന്ദ്ര സർക്കാറിന്റെ അമൃത് പദ്ധതിയിൽ പണിയുന്ന പ്ലാന്റിന്റെ സ്ഥലപരിശോധനക്ക് പദ്ധതി സാങ്കേതിക സമിതി വിദഗ്ധരാണ് എത്തിയത്. തിരുവനന്തപുരത്തെ അമൃത് ചീഫ് എൻജിനീയറുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.

ഭൂമിയുടെ നിരപ്പും നിർമാണം എത്ര ഉയരത്തിൽ വേണ്ടിവരുമെന്നതുമടക്കമുള്ള സ്ഥലത്തിന്റെ കിടപ്പും മറ്റു കാര്യങ്ങളുമാണ് പരിശോധിച്ചത്. 10 പേരാണ് വെള്ളിയാഴ്ച രാവിലെ 10.30ന് സ്ഥലത്തെത്തിയത്. വൻ പൊലീസ് സംരക്ഷണവും ഉണ്ടായിരുന്നു.

സംഭവമറിഞ്ഞ് എത്തിയ നൂറോളം പ്രതിഷേധക്കാർ സ്ഥലത്തേക്ക് ഇരച്ചുകയറി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. പൊലീസ് സംരക്ഷണത്തിൽ ഉദ്യോഗസ്ഥ സംഘം തിരിച്ചുപോയി.

സ്ഥലത്ത് സ്ഥാപിക്കാൻ ബോർഡ് കൊണ്ടുവന്നതായും തങ്ങൾ ഇടപെട്ടതിനാൽ തിരിച്ചുകൊണ്ടുപോയെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഉദ്യോഗസ്ഥർ മടങ്ങിപ്പോയശേഷം ബീച്ച് റോഡിൽ പ്രതിഷേധ പ്രകടനവും നടന്നു. പ്രകടനമായെത്തിയവർ വീണ്ടും പ്ലാന്റ് നിർമാണ സ്ഥലത്തേക്ക് കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.

പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. സമരസമിതി കൺവീനർ ഇർഫാൻ ഹബീബ്, വൈസ് ചെയർമാൻ എൻ.പി. മസറു, കൺവീനർ എൻ.പി. ഗഫൂർ, എൻ.പി. ലത്തീഫ്, എൻ.പി. ബഷീർ, എൻ.പി. സിദ്ദീഖ്, ജിതിൻ രാജ്, പി.ടി. ആഷിക് എന്നിവർ നേതൃത്വം നൽകി.

ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളുടെ സാധ്യതകൾ പരിശോധിക്കാതെ വളരെ ജനസാന്ദ്രതയേറിയ പ്രദേശത്ത് എതിർപ്പ് മറികടന്ന് ജനങ്ങളെ ബലപ്രയോഗത്തിലൂടെ കൈകാര്യം ചെയ്ത് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാറും പദ്ധതി നടപ്പാക്കേണ്ട കോഴിക്കോട് കോർപറേഷനും മുന്നോട്ടുപോകുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

അമൃത് പദ്ധതിയിൽ കോതി, ആവിക്കൽ എന്നിവിടങ്ങളിൽ പണിയുന്ന മലിനജല സംസ്കരണ പ്ലാന്‍റുകൾക്കുള്ള നിർമാണ കാലാവധി ആറു മാസംകൂടി നീട്ടിനൽകാനും കാരാർ തുക വർധിപ്പിക്കാനും സർക്കാറിനോട് അപേക്ഷിക്കാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്.

പ്രക്ഷോഭങ്ങൾ കാരണം പണി തുടങ്ങാനാവാത്തതിനാലും കരാറുകാരുടെ വീഴ്ചയല്ലാത്തതിനാലും സമയം നീട്ടിക്കൊടുക്കാനും 2018ലെ വിലനിലവാരവുമായി തട്ടിച്ചുനോക്കി അധിക തുക അനുവദിക്കാനുമാണ് തീരുമാനം. ഒമ്പതു മാസത്തേക്കുള്ള നിർമാണക്കരാർ കാലാവധി കഴിയുന്ന സാഹചര്യത്തിൽ കരാറുകാരായ സീമാക് ഗ്രൂപ്പിന്‍റെ അപേക്ഷ പരിഗണിച്ചാണ് നടപടി.

അമൃത് പദ്ധതിയുടെ വിശദ പദ്ധതിരേഖ തയാറാക്കിയ കൺസൽട്ടൻസിയായ റാംബയോജിക്കൽസിനെ കരിമ്പട്ടികയിൽപെടുത്തി ശുചിത്വ മിഷൻ പാനലിൽനിന്ന് ഒഴിവാക്കിയതും പ്രതിഷേധക്കാർ ആയുധമാക്കുന്നു.

Tags:    
News Summary - avikkalthodu plant-The team that came to inspect the place was stopped and protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.