ബേപ്പൂർ: ബേപ്പൂർ തുറമുഖത്തെ കപ്പൽച്ചാൽ ആഴംകൂട്ടൽ താൽക്കാലികമായി നിർത്തിവെച്ചു. കാലാവസ്ഥ പ്രതികൂലമാവുകയും ചാലിയാർ പുഴയിലെ കുത്തൊഴുക്ക് ശക്തമാവുകയും ചെയ്തതിനെ തുടർന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ആഴംകൂട്ടൽ പ്രവൃത്തി നിർത്തിവെച്ചത്. കൊച്ചിയിലെ വെസ്റ്റ് കോസ്റ്റ് ഡ്രഡ്ജിങ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
മേയ് അഞ്ചിനാണ് മണ്ണുമാന്തൽ ആരംഭിച്ചത്. തുറമുഖ ബേസിനിൽ കണ്ടെത്തിയ ചെങ്കൽപാറകൾ പൊളിച്ചുനീക്കുന്ന പ്രവർത്തനവും മണ്ണുമാന്തലും പുരോഗമിക്കുന്നതിനിടയിലാണ് കാലവർഷം ശക്തിപ്പെട്ടത്. മറൈൻ ഹൈഡ്രോഗ്രാഫിക് വിഭാഗത്തിന്റെ പ്രാഥമിക സർവേയിൽ വാർഫ് ബേസിൻ മുതൽ അഴിമുഖം വരെ 2.5 മീറ്റർ മുതൽ 4.5 മീറ്റർ വരെയാണ് കപ്പൽച്ചാലിന്റെ ആഴമെന്ന് കണ്ടെത്തിയിരുന്നു.
സംസ്ഥാന ബജറ്റിൽ ബേപ്പൂർ തുറമുഖ വികസനത്തിന് അനുവദിച്ച 15 കോടിയിൽനിന്ന്, ഡ്രഡ്ജിങ്ങിന് മാത്രമായി 11.8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 100 മീറ്റർ വീതിയിലാണ് തുറമുഖത്തെ പഴയ വാർഫ് മുതൽ അഴിമുഖം വരെയുള്ള 2.5 കിലോമീറ്റർ ദൂരം ആഴം കൂട്ടുന്നത്. ഇതോടൊപ്പം ഇരു വാർഫുകളിൽനിന്നും നദിയിലേക്ക് 150 മീറ്റർ അകലത്തിലും ഡ്രഡ്ജിങ് നടത്തും.
മൺസൂണിൽ ചാലിയാറിലേക്കുള്ള മലവെള്ളപ്പാച്ചിലിൽ ചളിയും മണ്ണുമിടിഞ്ഞാണ് പുഴയുടെ ആഴം കുറയുന്നത്. തുറമുഖത്ത് വലിയ കപ്പലുകൾ അടുപ്പിക്കാനാകുന്ന വിധത്തിൽ ആഴം കൂട്ടുന്നതിനാണ് മാരിടൈം ബോർഡ് ഉദ്ദേശിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ മണ്ണുമാന്തല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.
തുറമുഖം ആഴം കൂട്ടുന്നതോടെ പ്രവാസികള്‍ക്ക് കപ്പല്‍വഴി ദുബൈയില്‍നിന്ന് ബേപ്പൂര്‍ തുറമുഖത്ത് എത്തുന്നതിനും കേരള മാരിടൈം ബോര്‍ഡ് പദ്ധതി ആവിഷ്കരിച്ചുവരുകയാണ്. മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി മുന്‍കൈയെടുത്ത് കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നിരവധി തവണ കപ്പല്‍ കമ്പനികളുമായി ഇതിനായി ചര്‍ച്ച നടത്തിയിരുന്നു.
ലക്ഷദ്വീപ് -ബേപ്പൂര്‍ ചരക്കുയാത്രാഗതാഗതത്തില് നേരിടുന്ന പ്രതിസന്ധി തരണംചെയ്യാനും തുറമുഖത്ത് ആഴംകൂട്ടല്‍ അത്യാവശ്യമാണ്. ആഴം കൂട്ടുന്നതോടെ ലക്ഷദ്വീപ് -ബേപ്പൂര്‍ യാത്രാചരക്ക് ഗതാഗതം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് ചർച്ചയും പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.