ബേപ്പൂര്‍: മരംകൊണ്ടുള്ള ഉരുനിര്‍മാണത്തിന് ലോക ഭൂപടത്തിൽ സ്ഥാനംപിടിച്ച ബേപ്പൂരില്‍നിന്ന് ഇരുമ്പ് കൊണ്ടുള്ള ബാര്‍ജും നിർമിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യത്തിനായി അലി ആൻഡ് കമ്പനിയാണ് കരുവന്തിരുത്തിയിലെ യാർഡിൽ ബാര്‍ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഹോപ്പര്‍ ബാര്‍ജിന് ‘എച്ച്.ബി. ജോണി’ എന്നാണ് പേര്.
ബേപ്പൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇരുമ്പ് കൊണ്ടുള്ള ബാര്‍ജിന്റെ നിര്‍മാണം നടക്കുന്നത്. ലക്ഷദ്വീപ് സമൂഹങ്ങളിലെ ചെറു ദ്വീപുകൾക്കിടയിലെ സമുദ്രത്തിൽ അടിഞ്ഞുകൂടുന്ന മണ്ണും ചളിയും കോരിയെടുത്ത് നീക്കംചെയ്യുന്നതിനാണ് ബാര്‍ജ് ഉപയോഗിക്കുക.
ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ്ങിന്റെ (മുംബൈ) അനുമതി ലഭിച്ചതോടെ ലക്ഷദ്വീപ് ടഗ്ഗ് ‘കല്പ്പിറ്റി’ ക്യാപ്റ്റന്‍ ജ്യോതിഷ് കുമാര്‍, ചീഫ് ഓഫിസര്‍ ദിലീപ് എന്നിവരുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ തുറമുഖത്തെത്തി ഹോപ്പര്‍ ബാര്‍ജിനെ ലക്ഷദ്വീപിന്റെ ടഗ്ഗിൽ കെട്ടിവലിച്ച് കവരത്തി ദ്വീപിലേക്ക് കൊണ്ടുപോയി.
ബേപ്പൂര്‍ തുറമുഖ പൈലറ്റ് കെ.വി. ബാലകൃഷ്ണന്, ഷിപ്പിങ് ഏജന്‍സിയായ പിയേഴ്സ്ലസ്ലി കമ്പനിയുടെ ഒ.എം. വസന്ത്കുമാര്‍, ഹോപ്പര്‍ ബാര്‍ജ് നിര്‍മാണക്കമ്പനിയുടെ സലീം തുടങ്ങിയവര്‍ ഹോപ്പര്‍ ബാര്ജിനെയും ടഗ്ഗിനെയും യാത്രയാക്കാന്‍ തുറമുഖത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.