ബേപ്പൂർ: മനസ്സിൽ ആഗ്രഹിച്ച വിമാനയാത്ര നടത്തിയ സന്തോഷത്തിലാണ് ഫിഷറീസ് സ്കൂളിലെ കുട്ടികൾ. ബേപ്പൂർ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ 15 വിദ്യാർഥികളും അധ്യാപകരുമാണ് പഠനയാത്രയുടെ ഭാഗമായി കോഴിക്കോട്-ബംഗളൂരു വിമാനയാത്ര നടത്തിയത്. ബംഗളൂരു വിശ്വേശ്വരയ്യ സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ മ്യൂസിയം, കബൺ പാർക്ക്, ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ, വിധാൻ സൗദ (നിയമസഭ മന്ദിരം) തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്.
തീരമേഖലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ ക്ഷേമത്തിനായി സർക്കാർ നടപ്പാക്കിയ ഫിഷറീസ് വകുപ്പിന്റെ ‘വിദ്യാതീരം’ പദ്ധതിയിലൂടെയാണ് വിമാനയാത്ര സ്വപ്നം സാക്ഷാത്കരിച്ചത്. പദ്ധതി പ്രകാരം പൂർണമായും സൗജന്യമായാണ് കുട്ടികൾക്ക് യാത്ര ഒരുക്കിയത്. അധ്യാപകരായ ടി.കെ. ദീപിഷ, കെ.എസ്. സലീന, റമീസ് എന്നിവർ നേതൃത്വം നൽകി. ബംഗളൂരുവിലേക്ക് വിമാനമാർഗം പോയ വിദ്യാർഥികളും സംഘവും അവിടെനിന്ന് കോഴിക്കോട്ടേക്ക് ട്രെയിനിൽ തിരിച്ചുവരുമ്പോൾ ആകാശംമുട്ടെ പറന്നതിലുള്ള സന്തോഷത്തിമിർപ്പിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.