ബേപ്പൂർ: ബേപ്പൂരിന്റെ വിവിധ ഭാഗങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ബേപ്പൂർ-ചാലിയം കടവിലെ ജങ്കാർ സർവിസ് നിർത്തിവെച്ചു. ചെറുവണ്ണൂർ ടി.പി ആശുപത്രിക്ക് സമീപത്തെ 39കാരന് നിപ സ്ഥിരീകരിച്ചതിനുപിന്നാലെ കോഴിക്കോട് കോർപറേഷനിലെ ബേപ്പൂർ മേഖല ഉൾപ്പെടുന്ന 43,44,45,46,47,48,51 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ജങ്കാർ സർവിസ് നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകിയത്.
രാവിലെ സർവിസ് തുടങ്ങിയെങ്കിലും പൊലീസിന്റെ നിർദേശം പാലിച്ച് ജങ്കാർയാത്ര നിർത്തുകയായിരുന്നു. രണ്ടര മാസത്തെ യാത്രാദുരിതത്തിന് അറുതിവരുത്തി കഴിഞ്ഞ ദിവസം പുനരാരംഭിച്ച സർവിസാണ് ഇപ്പോൾ നിർത്തിവെച്ചത്.
ബേപ്പൂർ: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബേപ്പൂർ ഹാർബറിലോ ഫിഷ് ലാൻഡിങ് സെന്ററിലോ ബോട്ടുകൾ അടുപ്പിക്കാനോ മത്സ്യ വിപണനം നടത്താനോ പാടില്ലെന്ന് കലക്ടറുടെയും ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും ഉത്തരവിനെ തുടർന്ന് ബേപ്പൂർ ഫിഷിങ് ഹാർബർ പൂർണമായും അടച്ചു. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട ബേപ്പൂർ ഫിഷിങ് ഹാർബറിലും ബേപ്പൂർ തുറമുഖത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല കലക്ടർ എ. ഗീത ഉത്തരവിറക്കി.
ഫിഷിങ് ഹാർബറിൽ അയൽ ജില്ലകളിൽനിന്നടക്കം നിരവധി പേർ എത്തുന്നത് രോഗബാധ സാധ്യതയുള്ളതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരും കച്ചവടക്കാരും ലേലത്തിൽ പങ്കെടുക്കുന്നവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണം. കണ്ടെയ്ൻമെന്റ് സോൺ പിൻവലിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.
മത്സ്യബന്ധനത്തിനുപോയ ബോട്ടുകളും വഞ്ചികളും വെള്ളയിൽ ഫിഷ് ലാൻഡിങ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാൻഡിങ് സെന്ററിലോ അടുപ്പിക്കണം. ഇവിടെ മത്സ്യമിറക്കാവുന്നതും ലേലത്തിനും കച്ചവടത്തിനും ഇവിടെയുള്ള ഫിഷ് ലാൻഡിങ് സെന്ററുകളിലെയും ഹാർബറുകളിലെയും സംവിധാനങ്ങൾ ഉപയോഗപ്പെടുത്താവുന്നതുമാണ്.
നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട തൊഴിലാളികളെ വി.എച്ച്.എഫ് (വെരി ഹൈ ഫ്രീക്വൻസി) വഴിയോ മറ്റ് വാർത്താവിനിമയ സംവിധാനങ്ങൾ മുഖേനയോ അറിയിക്കാൻ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കും.
ബേപ്പൂരിൽനിന്നുള്ള വഞ്ചികൾക്കും ബോട്ടുകൾക്കും യാനങ്ങൾക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള സൗകര്യങ്ങൾ വെള്ളയിൽ ഫിഷ് ലാൻഡിങ് സെന്ററിലും പുതിയാപ്പ ഹാർബറിലും ഏർപ്പെടുത്തും. നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ല പൊലീസ് മേധാവി ആവശ്യമായ നടപടികൾ സ്വീകരിക്കും. കോസ്റ്റൽ പൊലീസിന്റെ സഹായവും ഉപയോഗപ്പെടുത്തുമെന്ന് ഉത്തരവിൽ പറയുന്നു.
ബേപ്പൂർ-ചാലിയം ജങ്കാർ നിർത്തി
കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ബേപ്പൂർ മേഖലയിലെ ഡിവിഷനുകളിലെ ഇടറോഡുകൾ പൂർണമായും കെട്ടിയടച്ച് കാവൽ ഏർപ്പെടുത്തി.
ബേപ്പൂർ ബി.സി റോഡ് ജങ്ഷനും അടച്ചു. ഫറോക്ക് ഭാഗത്തുനിന്ന് ബേപ്പൂരിലേക്കുള്ള പ്രവേശനം പൂർണമായും തടയാനാണ് ബി.സി റോഡ് ജങ്ഷൻ അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.