ബേപ്പൂർ: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കയർ കോർപറേഷന്റെ ബേപ്പൂരിലെ കയർ ഫാക്ടറിയിൽ റബറൈസ്ഡ് കയർ കിടക്കകളുടെ നിർമാണമാരംഭിക്കുന്നു. നിലവിൽ പ്രവർത്തനം മന്ദീഭവിച്ച് നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്ന ഫാക്ടറിയെ മെത്ത നിർമാണത്തിലൂടെ സജീവമാക്കുകയാണ് ലക്ഷ്യം. കിടക്ക നിർമാണം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ബേപ്പൂർ കയർ ഫാക്ടറിയിലെ ഒമ്പത് വനിത ജീവനക്കാരെ ആദ്യഘട്ട പരിശീലനത്തിനയച്ചു. ഇവർ കഴിഞ്ഞ മാസം 24 മുതൽ കയർ കോർപറേഷന്റെ ആലപ്പുഴയിലെ കണിച്ചുകുളങ്ങര റബറൈസ്ഡ് കിടക്കകളുടെ കമ്പനിയിൽ പരിശീലനം നേടിവരുകയാണ്.
ഒരു ദിവസം എട്ടു മണിക്കൂർ ഷിഫ്റ്റിൽ 13 ജീവനക്കാർക്ക് 80 മെത്ത നിർമിക്കാനാകുമെന്നാണ് കണക്ക്. നിർമാണം പൂർത്തിയാകുന്ന മുഴുവൻ കിടക്കകളും നേരിട്ട് കയറ്റിയയക്കും. 2019ൽ എൽ.ഡി.എഫ് സർക്കാർ 3.68 കോടി രൂപ ചെലവഴിച്ച് ഫാക്ടറി നവീകരിച്ച് പുതിയ ഡീഫൈബറിങ് യൂനിറ്റ് ആരംഭിച്ചിരുന്നു. ഡീഫൈബറിങ് പ്ലാന്റിലൂടെ ഫാക്ടറിക്കാവശ്യമായ ചകിരിനാര് ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്ലാന്റിലെ യന്ത്രസാമഗ്രികൾ സമയത്തിന് അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ മാനേജ്മെന്റിന്റെ ജാഗ്രതക്കുറവ് കാരണം നിശ്ചലമാവുകയായിരുന്നു.
ഇതോടെ ഡീഫൈബറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ കമ്പനി നിർബന്ധിതമായി. ഫാക്ടറിയുടെ പ്രവർത്തനവും മന്ദീഭവിച്ചു. ഫാക്ടറിയിൽ ആധുനിക രീതിയിൽ കയറുൽപന്നങ്ങൾ നിർമിക്കാമെന്ന ലക്ഷ്യത്തിലൂടെ കെട്ടിടം മോടിപിടിപ്പിക്കുകയും, നവീന യന്ത്രസാമഗ്രികൾ വാങ്ങിക്കുന്നതിനും സർക്കാർ ചെലവാക്കിയ കോടികൾ ഇതോടെ വെറുതെയായി. യന്ത്രസാമഗ്രികൾ വാങ്ങിയ വകയിൽ ആലപ്പുഴയിലെ കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനിക്ക് 55 ലക്ഷം രൂപ ഇനിയും നൽകാനുണ്ട്. നിലവിൽ സ്പിന്നിങ് മിൽ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്പിന്നിങ് മിൽ വഴി ചൂടിയുൽപാദിപ്പിക്കുന്നുണ്ട്. 600 കിലോ ചൂടിയാണ് ഒരു ദിവസത്തെ ഉൽപാദനം. ലക്ഷദ്വീപിലേക്ക് അയക്കാനുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇന്ധന ബാരലുകൾ സൂക്ഷിക്കുന്നതിനായി കയർ ഫാക്ടറിയുടെ ഒരുഭാഗം വാടകക്ക് വിട്ടുകൊടുത്തിരുന്നു.
ഡീഫൈബറിങ് പ്ലാൻറ് സ്ഥാപിക്കുന്നതിനും മറ്റുമായി സ്ഥലം പൂർണമായും ഉപയോഗപ്പെടുത്തുന്നതിന് വാടക സ്ഥലം ഒഴിപ്പിച്ചെടുത്തതോടെ, കിട്ടിയ വാടക വരുമാനവും ഇല്ലാതെയായി. മറ്റ് ഷോറൂമുകളിൽനിന്ന് ലഭിക്കുന്ന വരുമാനംകൊണ്ടാണ് കമ്പനി ഓഫിസർമാരുടെയും തൊഴി ലാളികളുടെയും വേതനം നൽകിവരുന്നത്. ഇതിനൊക്കെ പരിഹാരം കണ്ടെത്താൻ വേണ്ടിയാണ് കിടക്ക നിർമാണത്തിന് ഒരുങ്ങുന്നത്.
ജില്ല വ്യവസായ കേന്ദ്രത്തിന്റെ കീഴിൽ വിവിധ തരത്തിലുള്ള കയറുൽപന്നങ്ങൾ നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടുന്നതിനായി 1975ൽ സ്ഥാപിച്ച ‘മോഡൽ കയർ സ്കൂൾ’ പിന്നീട് കേരള സ്റ്റേറ്റ് കയർ കോർപറേഷൻ ഏറ്റെടുക്കുകയായിരുന്നു. നല്ല ലാഭത്തിൽ മുന്നേറിയ കമ്പനി പിന്നീട് ക്രമേണ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.