ബേപ്പൂർ: വിദേശകപ്പലുകൾക്ക് നേരിട്ടെത്താവുന്ന രാജ്യാന്തരനിലവാരത്തിലേക്ക് ബേപ്പൂർ തുറമുഖം സജ്ജമാകുന്നു. വിദേശ കപ്പലുകൾ അടുപ്പിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കുന്നതിനും ബേപ്പൂർ തുറമുഖത്തിന് ഇന്റർനാഷനൽ ഷിപ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്.പി.എസ്) സർട്ടിഫിക്കേഷൻ ലഭിച്ചതായി തുറമുഖം-മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
ഐ.എസ്.പി.എസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തരനിലവാരത്തിലേക്ക് ഉയർന്നു. അഞ്ച് വർഷത്തേക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഐ.എസ് പി.എസ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി എം.എം.ഡി നിർദേശപ്രകാരം തുറമുഖത്ത് സുരക്ഷാസംവിധാനങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. തുറമുഖ അതിർത്തിക്ക് രണ്ട് മീറ്റർ ഉണ്ടായിരുന്ന ചുറ്റുമതിൽ 2.4 മീറ്ററാക്കി ഉയർത്തി. അതിനു മുകളിൽ കമ്പിവേലിയും സ്ഥാപിച്ചു. തുറമുഖ കവാടത്തിൽ എക്സ്റേ സ്കാനിങ് സംവിധാനവും മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ചു. തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകളും ചെറു വെസലുകളും തിരിച്ചറിയാൻ ഓട്ടോമാറ്റിക് റഡാർ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാർഫിലും മറ്റും ആധുനിക വാർത്താവിനിമയ സംവിധാനം ഒരുക്കിയതിനൊപ്പം തുറമുഖത്തെ മുഖ്യ കവാടവും പാസഞ്ചർ ഗേറ്റും പുനർനിർമിക്കുകയും ചെയ്തു.
മർക്കന്റൈയിൽ ചട്ടപ്രകാരം ഐ.എസ്.പി.എസ് കോഡിൽ ഉൾപ്പെടുന്ന തുറമുഖങ്ങളിൽ മാത്രമേ വിദേശ കപ്പലുകൾ അടുപ്പിക്കാൻ അനുമതിയുള്ളൂ. കോഡ് ലഭിച്ചതോടെ വിദേശ കാർഗോ-പാസഞ്ചർ കപ്പലുകൾക്ക് ബേപ്പൂരിലേക്ക് നേരിട്ട് വരാൻ വഴിയൊരുങ്ങി. മാത്രമല്ല രാജ്യാന്തര യുണീക് ഐഡന്റിറ്റി നമ്പർ ലഭിക്കുന്ന മലബാറിലെ പ്രധാന തുറമുഖമായി ബേപ്പൂർ മാറി. വലിയ കപ്പലുകൾക്ക് ബേപ്പൂർ തീരത്ത് എത്തുന്നതിനായി ഡ്രഡ്ജിങ് പ്രവർത്തനവും നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.