ബേപ്പൂര്‍: കപ്പൽചാല്‍ ആഴം കൂട്ടുന്നതിനുള്ള നടപടികൾ നീളുന്നതിനാല്‍ ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനസാധ്യതകള്‍ക്കു മങ്ങലേൽക്കുന്നു. ഒന്നര വര്‍ഷം മുമ്പ് പൂർണമായും നിലച്ച കണ്ടെയ്നര്‍ ചരക്കുകപ്പല്‍ സര്‍വിസ് പുനരാരംഭിക്കാന്‍ ഇതുവരെ സാധ്യമായിട്ടില്ല.
കണ്ടെയ്നര്‍ കപ്പലുകളുടെ വരവു നിലച്ചതോടെ തുറമുഖത്തെ റവന്യൂ വരുമാനവും കുത്തനെ ഇടിഞ്ഞു. തൊഴിൽ സാധ്യതയും ആശങ്കയിലാണ്. കൊച്ചി-ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു 2017ലാണ് ബേപ്പൂര്‍ തുറമുഖത്ത് കണ്ടെയ്നര്‍ മാര്‍ഗമുള്ള ചരക്കുനീക്കം ആദ്യമായി തുടങ്ങിയത്.
നേരത്തെ തുറമുഖവകുപ്പ് നല്‍കിയിരുന്ന ഇന്സെന്റിവിലെ ഏറ്റക്കുറച്ചിലിനെ തുടർന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു വ്യാപാരികള്‍ ചരക്കുകൾ എത്തിക്കുന്നതിൽനിന്ന് പിന്മാറി.
ഇതോടെ കണ്ടെയ്നർ കപ്പലുകളുടെ സര്‍വിസ് മുടങ്ങി. പിന്നീട് ഇന്‍സെന്റിവ് നിരക്ക് പുതുക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെയാണു ഷിപ്പിങ് കമ്പനികള്‍ വീണ്ടും സര്‍വിസിനു സന്നദ്ധമായത്. 2021 മുതൽ സജീവമായി പുനരാരംഭിച്ച കണ്ടെയ്നര്‍ കപ്പല്‍ സര്‍വിസ് തുറമുഖത്തിന് പുത്തനുണർവേകി.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഹരിത ചരക്ക് ഇടനാഴിയില്‍ രാജ്യത്തെ മുന്‍നിര കപ്പല്‍ കമ്പനിയായ ജെ.എം. ബക്സി ഗ്രൂപ്പിന്റെ ചൗഗുളെ -8 കപ്പലായിരുന്നു ബേപ്പൂരിലേക്ക് കണ്ടെയ്നറുകള്‍ തുടർച്ചയായി എത്തിച്ചിരുന്നത്. ഗുജറാത്ത് മുന്ദ്ര തുറമുഖത്തുനിന്ന് വലിയ കപ്പലുകളില്‍ കൊച്ചിയില്‍ എത്തിക്കുന്ന കണ്ടെയ്നറുകള്‍ കൊച്ചിയില്‍നിന്നു ‘ചൗഗുളെ’ കപ്പലില്‍ കയറ്റിയായിരുന്നു ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ എത്തിച്ചിരുന്നത്.
106 കണ്ടെയ്നറുകള്‍ കയറ്റാന്‍ ശേഷിയുള്ള കപ്പലാണ് ‘ചൗഗുളെ-8’. എന്നാല്‍, മൈനര്‍ തുറമുഖമായ ബേപ്പൂരിലെ കപ്പല്‍ച്ചാലിന്റെ ആഴം കുറവായതിനാല്‍ ഒരു തവണ 50ല്‍ താഴെ കണ്ടെയ്നറുകള്‍ മാത്രമാണ് എത്തിക്കാനായത്.
കപ്പൽചാല്‍ ആഴം കുറവായതിനാല്‍ വേലിയിറക്ക സമയത്ത് വാര്‍ഫില്‍ അടുപ്പിക്കാന്‍ കഴിയാതെ കപ്പല്‍ പുറംകടലില്‍ കാത്തു കിടക്കേണ്ട സ്ഥിതിയുണ്ടായി. ഇതോടെ, സമയ-ഇന്ധന നഷ്ടത്തിൽ ഓരോ സര്‍വിസിലും കപ്പല്‍ കമ്പനിക്കു വലിയ സാമ്പത്തിക ബാധ്യതയുണ്ടായി.
മാത്രമല്ല, ആവശ്യത്തിനു ചരക്ക് ലഭിക്കാതെ വന്നതോടെ സര്‍വിസ് ലാഭകരമല്ലെന്നു കണ്ട് കമ്പനി പിന്മാറുകയും ചെയ്തു. സജീവതയിൽ പുനരാരംഭിച്ച കണ്ടെയ്നർ സർവിസ് കഷ്ടിച്ചു ആറുമാസം സര്‍വിസ് നടത്തിയെങ്കിലും, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്റിവ് സമയബന്ധിതമായി അനുവദിക്കാതിരുന്നതും ഷിപ്പിങ് കമ്പനിയെ ബേപ്പൂർ തുറമുഖം കൈയൊഴിയുന്നതിന് കാരണമാക്കി.
കണ്ടെയ്നര്‍ കപ്പലുകള്‍ എത്താത്തതിനാൽ, വാർഫിൽ നിന്ന് ചരക്കുകൾ നീക്കാൻ കോടികള്‍ മുടക്കി സ്ഥാപിച്ച വിദേശനിർമിത കണ്ടെയ്നര്‍ ഹാന്ഡ്ലിങ് ക്രെയ്നും റീച്ച് സ്റ്റാക്കറുകളും നോക്കുകുത്തിയായി. ഇത്തരം ആധുനിക യന്ത്ര സംവിധാനങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാൻ തുറമുഖ വകുപ്പിന് ലക്ഷങ്ങൾ വേണ്ടിവരും.
ബേപ്പൂർ: സംസ്ഥാനത്തെ പ്രധാന ചെറുകിട ഇടത്തരം തുറമുഖമായ ബേപ്പൂരിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും ആഴം കൂട്ടലിനും നടപടി ആരംഭിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ഓഫിസിൽനിന്നറിയിച്ചു. റവന്യൂ വരുമാനം വർധിപ്പിക്കാൻ വലിയ കണ്ടെയ്നർ കപ്പലുകൾ ഉൾപ്പെടെ അനായാസം തുറമുഖത്തെത്താൻ കപ്പൽ ചാലിന്റെ ആഴം കൂട്ടുന്നതിനുള്ള ടെൻഡർ നടപടികൾ തുടങ്ങി.
തുറമുഖം മുതൽ അഴിമുഖം വരെ മൂന്നു കിലോമീറ്റർ ദൈർഘ്യത്തിൽ 100 മീറ്റർ വീതിയിൽ കപ്പൽചാൽ 5.5 മീറ്റർ ആഴമാക്കും. വാർഫ് ബേസിന്റെ ആഴം കൂട്ടുന്നതോടെ കൂറ്റൻ കണ്ടെയ്നറുകൾക്കും നങ്കൂരമിടാനാകും.11.8 കോടി രൂപ ഡ്രഡ്ജിങ്ങിന് മാത്രമായി അനുവദിച്ചിട്ടുണ്ട്. ‘സിൽക്കി’ന്( ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരള) പാട്ടത്തിന് നൽകിയ ഭൂമികൂടി ഉടൻ കൈവശപ്പെടുത്തും.
നേരത്തേ ബേപ്പൂർ കോവിലകത്തിൽനിന്ന് 25.25 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 3.83 ഏക്കർ ഭൂമിയും ചേർത്ത്, ചരക്ക് സൂക്ഷിക്കുന്നതിനും കയറ്റിറക്കിനുമായി വിശാലമായ സംഭരണശാലയുടെ നിർമാണമടക്കം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും പദ്ധതിയുണ്ട്. നിശ്ചലമായ ക്രെയ്നുകൾ യഥാസമയം കേടുപാടു തീർക്കാൻ കേരള മാരിടൈം ബോർഡ് ഫണ്ടിൽനിന്ന് മുൻകൂർ തുക നൽകും.
മൊബൈൽ ക്രെയിൻ വാങ്ങാനുള്ള നടപടികളും സ്വീകരിച്ചു. കാലപ്പഴക്കം ചെന്ന ക്രെയ്നുകൾ ഒഴിവാക്കാനും നിർദേശമുണ്ട്. കാർഗോ സ്കാനിങ് മെഷീൻ ആവശ്യമെങ്കിൽ സ്ഥാപിക്കുന്നതിന് മാരിടൈം ബോർഡ് നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചു.
ബേപ്പൂര്‍: ബേപ്പൂരിൽനിന്ന് യു.എ.ഇയിലേക്ക് യാത്രാകപ്പൽ ആരംഭിക്കാൻ സന്നദ്ധമാണെന്ന് കേരള മാരിടൈം ബോർഡ്. വിമാനയാത്ര നിരക്ക് പ്രവാസികൾക്ക് താങ്ങാൻ പറ്റാവുന്നതിൽ അധികമായ സാഹചര്യത്തിലാണ് കേരള മാരിടൈം ബോർഡ് യാത്രാകപ്പൽ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആലോചനക്ക് തുടക്കമിട്ടത്.
കപ്പൽയാത്രയിലെ നിരക്കിളവ് ഉപയോഗപ്പെടുത്താൻ ധാരാളം പ്രവാസികൾ മുന്നോട്ടുവരുമെന്നാണ് മാരിടൈം ബോർഡ് പ്രതീക്ഷിക്കുന്നത്. കപ്പൽയാത്ര സാധ്യമാകുന്നതോടെ വിമാനയാത്ര നിരക്കുകൾ കുറക്കാൻ വിമാന കമ്പനികൾ നിർബന്ധിതരാകുമെന്നാണ് വിലയിരുത്തൽ. ബേപ്പൂര്‍-യു.എ.ഇ സെക്ടറില്‍ കപ്പല്‍യാത്രക്ക് കാര്യമായ സാങ്കേതിക തടസ്സങ്ങളൊന്നുമില്ല.
ഇതുസംബന്ധിച്ച് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക, കപ്പല്‍ ടൂര്‍ ഓപറേറ്റര്‍മാര്‍, മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ എന്നിവയുടെ യോഗം ഉടൻ വിളിച്ചു ചേർക്കാൻ തീരുമാനമായി. ചെറുകിട, ഇടത്തരം യാത്രാക്കപ്പല്‍ സർവിസ് ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ബേപ്പൂര്‍ തുറമുഖത്തുണ്ട്.
മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, കേരള മാരിടൈം ബോര്‍ഡ് സി.ഇ.ഒ ടി.പി. സലിംകുമാര്‍, മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ആര്. ജയന്ത്കുമാര്‍, വി. മുരുകന്, തുറമുഖ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അശ്വനി പ്രതാപ് തുടങ്ങിയവര്‍ തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.