ബേപ്പൂർ: ചാലിയം ബീച്ച് രാജ്യാന്തര നിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാൻ പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ്. രണ്ടു ഘട്ടങ്ങളിലായാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. ചാലിയം ബീച്ച് ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ മന്ത്രി ചാലിയം ബീച്ച് സന്ദര്‍ശിച്ചത്.
രണ്ടു വര്‍ഷത്തിനകം കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കി ചാലിയത്തെ മാറ്റുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് പരിസ്ഥിതി സൗഹൃദ രൂപത്തിൽ സൗന്ദര്യവത്കരണം നടത്തും. കടലിലേക്ക് നിർമിച്ച ഒരു കിലോമീറ്ററിലധികം നീളമുള്ള പുലിമുട്ട് നടപ്പാത ഇൻറർലോക്ക് പാകി ആകർഷകമാക്കും. ഇരുവശങ്ങളിലുമായി ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും സ്ഥാപിക്കും.
പ്രൗഢമായ പ്രവേശന കവാടം നിർമിക്കും. കംഫർട്ട് സ്റ്റേഷനുകൾ, മിനി കഫറ്റീരിയ, കരകൗശല വിൽപന സ്റ്റാളുകൾ എന്നിവയും സ്ഥാപിക്കും. കലാസാംസ്കാരിക സംവാദങ്ങൾക്കും ഒത്തുചേരലുകൾക്കും വേദിയായി കൾചറൽ കോർണർ സ്ഥാപിക്കും. മുഴുവൻ പദ്ധതിയും ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, ബാദുഷ കടലുണ്ടി, അശ്വനി പ്രതാപ്, കെ.പി. മനോജ്, നിഖില്‍ ദാസ്, രാധ ഗോപി, ആര്‍ക്കിടെക്ട് മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.