ബേപ്പൂർ: ബേപ്പൂര്‍ അന്താരാഷ്ട്ര ജലമേളയുടെ ഭാഗമായി ഡ്രോണ്‍ ലൈറ്റ് ഷോ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ബേപ്പൂര്‍ പുലിമുട്ടിനു സമീപത്തെ മറീന കടൽതീരത്ത് വ്യാഴാഴ്ച വൈകീട്ട് ഏഴു മണിയോടെ ഡ്രോണ്‍ ഷോ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കും. കേരളത്തില്‍ ആദ്യമായിട്ടാണ് ഡ്രോണ്‍ ഷോ സംഘടിപ്പിക്കുന്നത്. ഷോയില്‍ 250 ഡ്രോണുകള്‍ അണിനിരക്കും.
ബേപ്പൂർ: ജലമേളയുടെ ഭാഗമായി കാണികൾക്ക് മുന്നിൽ സീ റാഫ്റ്റിങ് ഡെമോ അവതരിപ്പിച്ചു. തിരമാലകളെ ഭേദിച്ച് എട്ടുപേർ അടങ്ങിയ സംഘം തുഴഞ്ഞുനീങ്ങിയത് ബേപ്പൂരിലെ ജല സാഹസികത ആസ്വദിക്കാനെത്തിയവരെ ആവേശഭരിതരാക്കി. തിരമാലയുടെ ഓളങ്ങൾക്കൊപ്പം തുഴഞ്ഞുനീങ്ങുന്നത് കൗതുകത്തോടെയാണ് കാണികൾ വീക്ഷിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട സീ റാഫ്റ്റിങ്ങാണ് സംഘടിപ്പിച്ചത്.
ബേപ്പൂർ: ആദ്യമായി കപ്പലില്‍ കയറിയതിന്റെ കൗതുകവും സന്തോഷവുമാണ് ബേപ്പൂർ അന്താരാഷ്ട്ര ജലമേള കാണാനെത്തിയവർക്ക്. മേളയുടെ ഭാഗമായി തീരത്തെത്തിയ ഇന്ത്യന്‍ നേവിയുടെ കബ്രയും കോസ്റ്റ് ഗാര്‍ഡിന്റെ ആര്യമാൻ കപ്പലും സന്ദർശിക്കാൻ രണ്ടാം ദിനത്തിൽ എത്തിയത് രണ്ടായിരത്തോളം പേർ. കപ്പലിന് മുൻവശത്തായി സജ്ജീകരിച്ച ബോഫോഴ്സ് തോക്കുകൾ കാണാനും സെൽഫി പകർത്താനുമാണ് വൻ തിരക്ക്.
കപ്പലിന്റെ ബ്രിഡ്ജിൽ രണ്ടു വശത്തുമായുള്ള അത്യാധുനിക എസ്.ആർ.സി.ജി (സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾ ഗൺ) തോക്കും മറ്റു സുരക്ഷാ ഉപകരണങ്ങളും ആളുകൾ അത്ഭുതത്തോടെ നോക്കിക്കണ്ടു. ലെഫ്റ്റനന്റ് കമാൻഡന്റ് അങ്കിത് ശർമയാണ് കോസ്റ്റ് ഗാർഡ് കപ്പലിന്റെ കമാൻഡിങ് ഓഫിസർ.
കൊച്ചി കപ്പൽശാലയിൽ നിർമിച്ച പതിനെട്ടാമത് അതിവേഗ കപ്പലാണ് ഐ.സി.ജി.എസ് ആര്യമാൻ. ആദേശ് വിഭാഗത്തിൽ ഉൾപ്പെട്ട കപ്പൽ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിനും തീരദേശ റോന്തുചുറ്റലിനുമാണ് ഉപയോഗിക്കുന്നത്. മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന കപ്പലാണിത്.
ഇന്ത്യൻ നേവിയുടെ കപ്പലായ ‘കബ്ര’യിലും പൊതുജനങ്ങൾക്ക് സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങളുടെ പേരാണ് നേവിയുടെ ഫാസ്റ്റ് അറ്റാക്കിങ് കപ്പലായ കബ്രക്ക് നൽകിയിട്ടുള്ളത്. ഒരു മിനിറ്റിൽ 200 മുതൽ 300 റൗണ്ട് ഫയറിങ് കപ്പാസിറ്റിയുള്ള സി.ആർ.എൻ-91 തോക്കാണ് കബ്രയിലെ പ്രധാന ആകർഷണം. ലെഫ്റ്റനന്റ് കമാൻഡന്റ് അജിത് മോഹനാണ് ഷിപ് കമാൻഡിങ് ഓഫിസർ.
ഡിസംബർ 29 വരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ പൊതുജനങ്ങൾക്ക് കപ്പലുകൾ സന്ദർശിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. രണ്ടാം തവണയാണ് ഐ.സി.ജി.എസ് ആര്യമാനും ഐ.എൻ.എസ് കബ്രയും മേളയുടെ ഭാഗമായി ബേപ്പൂരിൽ നങ്കൂരമിടുന്നത്.
പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്. സേനയെ പരിചയപ്പെടുത്താനും കപ്പലുകളിൽ ഉപയോഗിക്കുന്ന മറ്റു യന്ത്രങ്ങളെക്കുറിച്ച് അറിയാനും തുറമുഖത്ത് പ്രത്യേകം ഒരുക്കിയ സ്റ്റാളിലൂടെ സാധിക്കും.
നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും ഹെലികോപ്ടര്‍ സെര്‍ച്ച് ഡെമോണിയ, ഫ്ലൈ പാസ്റ്റ് എന്നിവയും ജലമേളയുടെ ഭാഗമായി നടക്കും. കോസ്റ്റ്ഗാര്‍ഡിന്റെ എ.എൽ.എച്ച് ഹെലികോപ്ടർ രക്ഷാദൗത്യ പ്രദർശനത്തിന്റെ ഭാഗമാകും. അവസാന ദിനം വൈകീട്ട് ഐ.സി.ജി.എസ് ആര്യമാൻ ബേപ്പൂർ പുലിമുട്ടിനു പുറത്ത് നങ്കൂരമിട്ടതിനുശേഷം ദീപാലങ്കാരവും ഫ്ലെയേഴ്സ് ഫയറിങ്ങുമുണ്ടാകും.
ബേപ്പൂർ: മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര ജലമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സ്റ്റാൻഡ് അപ് പാഡിൽ റേസ് കാണികൾക്കിടയിൽ ആവേശം തീർത്തു. പാഡിൽ കയറി നിന്ന് സാഹസികമായി ഓളങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ടു കുതിക്കുന്ന കയാക്കർമാർ നടത്തിയ പ്രകടനം കൗതുകമായി.
പുരുഷ വിഭാഗത്തിൽ 12 പേരും വനിത വിഭാഗത്തിൽ ഏഴുപേരുമാണ് സ്റ്റാൻഡ് അപ് പാഡിൽ റേസ് മത്സരത്തിൽ പങ്കെടുത്തത്. പുരുഷ വിഭാഗത്തിൽ ഷൈബിൻ, വനിത വിഭാഗത്തിൽ ഹർഷ മുരളി എന്നിവർ ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.