ബേപ്പൂർ: കാലാവസ്ഥ മോശമായതിനെത്തുടർന്ന് ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്കുകൾ കയറ്റിയ ഉരുക്കളുടെ യാത്ര പ്രതിസന്ധിയിൽ. ശക്തമായ കാറ്റും തിരമാലയുമുള്ളതിനാൽ പുറംകടൽ പ്രക്ഷുബ്ധമായതാണ് ചരക്കുകൾ കയറ്റിയ പത്ത് ഉരുക്കളുടെ യാത്ര മുടക്കിയത്. അമേനി, ആന്ത്രോത്ത്, കവരത്തി, കടമത്ത്, കൽപേനി തുടങ്ങിയ ദ്വീപുകളിലേക്കുള്ള ഉരുക്കളുടെ യാത്ര മുടങ്ങിയിട്ട് 20 ദിവസത്തോളമായി. ഓരോ ഉരുവിലും 250-300 ടൺ ചരക്കുകൾ പ്രകാരം മൂവായിരത്തോളം ടൺ ചരക്കുകളാണ് കെട്ടിക്കിടക്കുന്നത്. .
വിവിധ നിത്യോപയോഗ സാധനങ്ങളും സിമൻറ്, കമ്പി, ഹോളോബ്രിക്സ്, ടൈൽസ് തുടങ്ങിയ നിർമാണ സാമഗ്രികളും ഫർണിച്ചർ, ഹാർഡ്വെയർ ഉൽപന്നങ്ങൾ ഇലക്ട്രിക് ജോലികൾക്ക് ആവശ്യമായ വസ്തുക്കൾ എന്നിവയാണ് ഉരുവിലുള്ളത്. ഉരുക്കളിൽ കയറ്റേണ്ട പച്ചക്കറികളും, പഴവർഗങ്ങളും കേടുവന്ന് വൻനഷ്ടം വരാൻ സാധ്യതയുള്ളതിനാൽ തിരിച്ചിറക്കി ദീപ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ബാർജുകളിൽ കയറ്റി അയച്ചു. ഉരുവിൽ കയറ്റേണ്ട കന്നുകാലികളെ വാർഫിൽ നിന്നും പറമ്പിലേക്ക് മാറ്റി സുരക്ഷിതമായി കെട്ടിയിട്ടു.
ദിവസങ്ങൾക്ക് മുമ്പ് നിർമാണ സാമഗ്രികളുമായി ആന്ത്രോത്ത് ദ്വീപിലേക്ക് പുറപ്പെട്ട 'എം.എസ്.വി മലബാർ ലൈറ്റ്' ഉരു കാലാവസ്ഥ മോശമായതിനെ തുടർന്ന് ശക്തമായ കാറ്റിലും കോളിലും പെട്ട് അടിപ്പലക ഇളകി വെള്ളം കയറി ബേപ്പൂരിന് ഏഴ് നോട്ടിക്കൽ അകലെ പുറംകടലിൽ പൂർണമായും മുങ്ങിത്താഴ്ന്നിരുന്നു.
നിത്യോപയോഗ സാധനങ്ങളും മറ്റും ലക്ഷദ്വീപിൽ യഥാസമയം എത്തിയില്ലെങ്കിൽ ദ്വീപ് നിവാസികളുടെ ജീവിതം ദുരിതപൂർണമാകുമെന്ന ആശങ്കയിലാണ് അധികൃതർ. മർക്കന്റയിൽ മറൈൻ വകുപ്പ് ചട്ടപ്രകാരം മൺസൂണിൽ മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ചെറുകിട തുറമുഖങ്ങളിൽ, വലിയ ജലയാനങ്ങൾക്ക് യാത്രാ നിയന്ത്രണമാണ്. ഇനിയുള്ള നാലു മാസക്കാലം ലക്ഷദ്വീപിലേക്ക് യന്ത്രവത്കൃത ഉരുക്കളിൽ ചരക്കുനീക്കമുണ്ടാകില്ല.
നിലവിലെ പ്രത്യേക സാഹചര്യത്തിൽ കാലാവസ്ഥ അനുയോജ്യമായാൽ തുറമുഖ വകുപ്പിൽ നിന്നുള്ള പ്രത്യേക അനുമതിയോടെയാകും ചരക്കുകൾ കയറ്റി തുറമുഖത്ത് കുടുങ്ങിക്കിടക്കുന്ന ഉരുക്കൾ ദ്വീപിലേക്ക് പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.