ബേപ്പൂർ: സംസ്ഥാനത്തെ നാല് തുറമുഖങ്ങള്‍ക്ക് ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനം ബേപ്പൂര്‍ തുറമുഖ പരിസരത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിർവഹിച്ചു. ബേപ്പൂര്‍, വിഴിഞ്ഞം, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങള്‍ക്കാണ് ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചത്. കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ പശ്ചാത്തലവികസനം ഉറപ്പാക്കി വിദേശ കപ്പലുകൾ ഉൾപ്പെടെ സർവിസ് നടത്താൻ സാധ്യമാക്കുകയെന്നത് സർക്കാറിന്റെ ലക്ഷ്യമായിരുന്നു.
ജലഗതാഗതത്തിന്റെ സർവസാധ്യതകളെയും നാടിന്റെ വികസനത്തിന് പര്യാപ്തമാക്കുന്നതിനുള്ള ശ്രമത്തിലാണ് കേരള മാരി ടൈം ബോർഡ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഈ മാസം അവസാനത്തോടെ ആദ്യ കപ്പലെത്തുമ്പോൾ രാജ്യത്തിന്റെ വലിയൊരു സ്വപ്നംകൂടി സാക്ഷാത്കരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.പി.എസ് (ഇൻറർനാഷനൽ ഷിപ് ആൻഡ് പോർട്ട് സെക്യൂരിറ്റി) സർട്ടിഫിക്കേഷന് ലഭിക്കുന്നതോടുകൂടി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾ അന്താരാഷ്ട്ര തുറമുഖങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുകയും ഭാവിയിൽ കൂടുതൽ ചരക്കുകയറ്റുമതി നടത്താൻ സാധിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. നാല് തുറമുഖങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതോടെ സംസ്ഥാനത്തൊട്ടാകെ വികസനങ്ങൾക്ക് കാരണമാകുമെന്നും വ്യവസായ- വാണിജ്യമേഖലയുടെ പുരോഗതിക്ക് മുതൽക്കൂട്ടാകുമെന്നും മന്ത്രി റിയാസ് പറഞ്ഞു. വിദേശ യാത്ര-ചരക്കുകപ്പലുകൾ തുറമുഖത്ത് പ്രവേശിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെ സംവിധാനം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്രസർക്കാർ ഐ.എസ്.പി.എസ് സർട്ടിഫിക്കേഷൻ നൽകിയത്.
മേയര്‍ ഡോ. ബീന ഫിലിപ് വിശിഷ്ടാതിഥിയായി. പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ സെജോ ഗോര്‍ഡിയസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ കൃഷ്ണകുമാരി, എം. ഗിരിജ, തോട്ടുങ്ങല്‍ രജനി, കെ. രാജീവ്, പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, കേരള മാരിടൈം ബോര്‍ഡ് മെംബര്‍മാരായ കാസിം ഇരിക്കൂര്‍, അഡ്വ. എന്‍.പി. ഷിബു, അഡ്വ. സുനില്‍ ഹരീന്ദ്രന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി, സംഘടനാപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള സ്വാഗതവും സി.ഇ.ഒ ഷൈൻ എ. ഹഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.