ബേപ്പൂർ: ബേപ്പൂർ-ചാലിയം കടവിൽ ഏതാനും ദിവസങ്ങൾക്കകം ജങ്കാർ സർവിസ് പുനരാരംഭിക്കും. കൊച്ചിയിൽനിന്ന് പുതിയ ജങ്കാർ എത്തിക്കാനാണ് ശ്രമം. വിവിധ വകുപ്പുകളിൽനിന്ന് അനുമതി ലഭിക്കുകയും ഒപ്പം കാലാവസ്ഥ അനുകൂലമാവുകയും ചെയ്താൽ അടുത്ത ദിവസം ജങ്കാർ ബേപ്പൂരിലെത്തിക്കും. സുരക്ഷാക്രമീകരണങ്ങളിലെ അപാകതയും പഴക്കംചെന്ന ജങ്കാറിന്റെ അപകട ഭീതിയും മുന്നിൽകണ്ട്, തുറമുഖവകുപ്പ് രണ്ടര മാസം മുമ്പ് നിലവിലെ സർവിസ് നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു. ജങ്കാറിന്റെ ചുമതലയുള്ള കടലുണ്ടി പഞ്ചായത്ത്, ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ വിവിധ തുറകളിൽനിന്ന് വ്യാപകമായ പ്രതിഷേധം ഇതിനിടെ ഉയർന്നിരുന്നു.
അറ്റകുറ്റപ്പണി പൂർത്തിയാക്കി ജങ്കാർ യാത്ര പുനരാരംഭിക്കാൻ സഹായം ചെയ്തുകൊടുക്കാൻ പഞ്ചായത്ത് അധികൃതർ തയാറായില്ലെന്നും ആക്ഷേപമുണ്ടായി. കൊച്ചിയിൽനിന്നു വരുന്ന പുതിയ ജങ്കാറിനൊപ്പം നിലവിൽ സർവിസ് നടത്തിയിരുന്ന ജങ്കാറും അറ്റകുറ്റപ്പണിക്ക് ശേഷം ബേപ്പൂർ-ചാലിയം കടവിൽ സർവിസ് നടത്തുമെന്നാണ് വിവരം. രണ്ടു ജങ്കാറുകൾ സർവിസ് നടത്തുമ്പോൾ ജനങ്ങൾക്ക് ഏറെ സമയലാഭം ഉണ്ടാകും. ജങ്കാറിൽ അഞ്ച് മിനിറ്റുകൊണ്ട് അക്കരെ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ യാത്രക്കാർ 11 കിലോമീറ്റർ റോഡ് മാർഗം ചുറ്റിസഞ്ചരിച്ചാണ് യാത്ര ചെയ്യുന്നത്.
ബേപ്പൂർ-ചാലിയം കടവിലെ ജങ്കാർ സർവിസ് പുനരാരംഭിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി, മന്ത്രിമാരായ എം.പി. രാജേഷ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർക്ക് കത്തയച്ചു. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി നിർത്തലാക്കിയ ജങ്കാർ സർവിസിന്റെ അഭാവം കാരണം ഇതുവഴി യാത്ര ചെയ്യുന്ന വിദ്യാർഥികൾ, തൊഴിലാളികൾ, രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്. യാത്രാദുരിതവും ടൂറിസം സാധ്യതകളും പരിഗണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി സർവിസ് പുനരാരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എം.പി കത്തിലൂടെ ആവശ്യപ്പെട്ടു.
ബേപ്പൂർ-ചാലിയം ജങ്കാർ സർവിസ് കടലുണ്ടി പഞ്ചായത്തിൽനിന്ന് കോഴിക്കോട് കോർപറേഷൻ ഏറ്റെടുക്കുന്ന കാര്യം സജീവ പരിഗണനയിൽ. കടലുണ്ടി പഞ്ചായത്ത് അധികൃതർ, ജങ്കാർ മുടക്കം കൂടാതെ സർവിസ് നടത്തുന്നതിൽ സ്ഥിരമായി കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം കാരണം, ദുരിതത്തിലായ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ജങ്കാർ നടത്തിപ്പ് കോർപറേഷൻ ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. നാട്ടുകാരുടെ യാത്രാക്ലേശം പരിഗണിച്ചാണ് നടപടിയുമായി കോർപറേഷൻ മുന്നോട്ടുപോകുന്നതെന്ന് മേയർ ബീന ഫിലിപ് പറഞ്ഞു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ളവരുമായി ഇക്കാര്യം ചർച്ച നടത്തുമെന്നും മേയർ പറഞ്ഞു. നിലവിൽ കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയാണ് കടലുണ്ടി പഞ്ചായത്തിൽനിന്ന് സർവിസ് തുടർച്ചയായി ലേലത്തിനെടുത്ത് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.