ബേപ്പൂർ: ബേപ്പൂർ-ചാലിയം കടവിൽ ഇന്നുമുതൽ ജങ്കാർ സർവിസ് പുനരാരംഭിക്കും. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുമണി വരെയാണ് സർവിസ്. രണ്ടര മാസത്തെ കാത്തിരിപ്പിനുശേഷം യാത്രാദുരിതത്തിന് ഇതോടെ അറുതിയായി. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ മാസത്തിൽ തുറമുഖ അധികൃതർ നടത്തിയ പരിശോധനയിൽ നിലവിലെ ജങ്കാറിന് മതിയായ സുരക്ഷയില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പോർട്ട് ഓഫിസർ ഇടപെട്ട് സർവിസ് നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു. നിലവിൽ സർവിസ് നടത്തിയിരുന്ന ജങ്കാർ എറണാകുളം ജില്ലയിൽ ഏറെക്കാലം ഓടിച്ച് പഴകിയതാണെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു.
‘ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ്’ പ്രകാരം ആവശ്യമായ മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ജങ്കാര്‍ സജ്ജമാക്കിയാല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന്, നടത്തിപ്പുകാരായ ‘കൊച്ചിൻ സർവിസി’നെ മാരിടൈം ബോര്‍ഡ് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ബേപ്പൂർ കടവിലേക്ക് പുതിയ ജങ്കാർ സർവിസിനെത്തിയത്. മാസങ്ങൾക്കുമുമ്പ് ജങ്കാർ കൊച്ചിയിൽ സജ്ജമായെങ്കിലും, മൺസൂൺകാല നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ബേപ്പൂരിൽ എത്തിക്കാൻ അനുവാദം ലഭിച്ചിരുന്നില്ല. ബുധനാഴ്ച പോർട്ട് ഓഫിസർ പുതിയ ജങ്കാറിന്റെ സുരക്ഷാ പരിശോധന നടത്തി.
പരീക്ഷണ ഓട്ടത്തിനുശേഷം സർവിസ് ആരംഭിക്കുന്നതിനുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകി. ജങ്കാർ സർവിസിന്റെ ചുമതലയുള്ള കടലുണ്ടി പഞ്ചായത്ത് അധികൃതരും സുരക്ഷാ പരിശോധനയിൽ പങ്കെടുത്തു. സാധാരണ ദിവസങ്ങളില്‍ 500ല്‍പരം യാത്രക്കാരും നൂറോളം വാഹനങ്ങളും, അവധി ദിവസങ്ങളില്‍ ആയിരത്തില്‍പരം ആളുകളും 250ഓളം വാഹനങ്ങളും ജങ്കാര്‍ വഴി ഇരുഭാഗത്തേക്കുമായി യാത്രചെയ്യാറുണ്ടെന്നാണ് കണക്ക്. ജങ്കാര്‍ സര്‍വിസ് നിര്‍ത്തിയതോടെ വാഹനയാത്രക്കാരും നാട്ടുകാരും പതിനൊന്ന് കിലോമീറ്ററോളം ഫറോക്ക് വഴി ചുറ്റിസഞ്ചരിച്ചാണ് ചാലിയം കരുവൻതിരുത്തി ഭാഗങ്ങളിൽ എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.