ബേപ്പൂർ: ബേപ്പൂർ പുലിമുട്ട് കടൽതീര വിനോദ സഞ്ചാര കേന്ദ്രത്തിൽ പണപ്പിരിവ് നടത്തിയതിനെ പ്രദേശവാസികൾ ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഘർഷത്തിന് തുടക്കം. ബേപ്പൂർ ഗവ. ഐ.ടി.ഐ കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് എസ്.എഫ്.ഐ പ്രവർത്തകർ ബക്കറ്റ് പിരിവ് നടത്തിയത്. സഞ്ചാരികളെ കേന്ദ്രീകരിച്ച് പിരിവ് ആരംഭിച്ച എസ്.എഫ്.ഐ പ്രവർത്തകർ രാത്രിയിലും പിരിവ് തുടർന്നതിനെ നാട്ടുകാർ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലും മർദനത്തിലും കലാശിച്ചത്.
സംഘർഷത്തിൽ പരിക്കുപറ്റിയവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയിൽ, കണ്ടാലറിയാവുന്ന ആറോളം പേരുടെ പേരിൽ പൊലീസ് കേസെടുത്തു. വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ രാത്രി പത്തുമണിയോടെ ബേപ്പൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം നടത്തിയവർ മുസ്ലിം ലീഗിന്റെയും എസ്.ഡി.പി.ഐയുടെയും കൊടിമരങ്ങൾ നശിപ്പിച്ചതായി പൊലീസിൽ പരാതിയുണ്ട്. പുലിമുട്ട് കടൽതീര വിനോദ കേന്ദ്രത്തിനു സമീപം സ്ഥാപിച്ച പ്രാവിൻകൂട് നശിപ്പിച്ചതായി മുസ്ലിം ലീഗ് പ്രവർത്തകരും പരാതിപ്പെട്ടു. ഇരുവിഭാഗങ്ങളുടെയും പരാതിയിൽ പൊലീസ്, പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സി.പി.എം, ഡി.വൈ.എഫ്.ഐ അക്രമങ്ങളിലും കൊടിമരം നശിപ്പിച്ചതിലും പ്രതിഷേധിച്ച് മുസ്ലിം ലീഗ് ബേപ്പൂർ അങ്ങാടിയിൽ നടത്താൻ തീരുമാനിച്ച പ്രകടനം തുടർ സംഘർഷത്തിന് കാരണമാകുമെന്നതിനാൽ, അസിസ്റ്റൻറ് കമീഷണർ എസ്.കെ. രാജുവും ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തും അഭ്യർഥിച്ചതിനെ തുടർന്ന് മാറ്റിവെച്ചു. എസ്.ഡി.പി.ഐയുടെ കൊടിമരം നശിപ്പിച്ചതിൽ ബേപ്പൂർ അങ്ങാടിയിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ബേപ്പൂർ പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട്, ഫിഷിങ് ഹാർബറിനുസമീപം താമസിക്കുന്ന മുസ്ലിം ലീഗ് പ്രവർത്തകൻ കൂട്ടക്കൽ കെ.കെ. സാജുവിനെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.