ബേപ്പൂർ: പുറംകടലിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളിയെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ‘സഫർ’ ബോട്ടിലെ തൊഴിലാളി വെസ്റ്റ് ബംഗാൾ സ്വദേശി ആകാശ് ദാസിനെയാണ് (37) രക്ഷപ്പെടുത്തിയത്.
ബേപ്പൂർ സ്വദേശി ചേക്കിന്റകത്ത് നജീബിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പരപ്പനങ്ങാടിക്ക് പടിഞ്ഞാറ് പുറംകടലിൽ വെച്ചാണ് ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ബോട്ടിൽ കുഴഞ്ഞുവീണതും. ഉടൻ സഹജീവനക്കാർ ഫിഷറീസ് എൻഫോഴ്സ്മെന്റ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.
ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടർ വി. സുനീർ, ഫിഷറീസ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് പി. ഷണ്മുഖൻ എന്നിവരുടെ നിർദേശത്തെ തുടർന്ന് എസ്.സി.പി.ഒ മനു തോമസ്, സി.പി.ഒ കെ. അരുൺ, റെസ്ക്യൂ ഗാർഡുമാരായ എം. താജുദ്ദീൻ, കെ. ഷൈജു, നഴ്സ് രജിൻ എന്നിവരുടെ സംഘം ബേപ്പൂർ ഹാർബറിൽനിന്ന് ഫിഷറീസ് ബോട്ടായ കാരുണ്യ മറൈൻ ആംബുലൻസിൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു.
നെഞ്ചുവേദന അനുഭവപ്പെട്ട തൊഴിലാളിയെ മറൈൻ ആംബുലൻസിൽ കയറ്റി പ്രഥമ ശുശ്രൂഷ നൽകി ബേപ്പൂർ തുറമുഖത്ത് എത്തിച്ചു. തുടർചികിത്സക്കായി ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.