ബേപ്പൂർ: ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കത്തിന് തിങ്കളാഴ്ച മുതൽ നിയന്ത്രണം നിലവിൽവന്നു. മൺസൂണിന് മുന്നോടിയായാണ് തുറമുഖത്തുനിന്ന് ചരക്കുനീക്കം നടത്തുന്ന ഉരുക്കൾക്ക് കടൽയാത്ര നിയന്ത്രണം ഏർപ്പെടുത്തുന്നത്. മർക്കന്റയിൽ മറൈൻ ചട്ടപ്രകാരം മേയ് 15 മുതൽ സെപ്റ്റംബർ 15വരെ ചെറുകിട തുറമുഖങ്ങളിൽ നിന്നുള്ള ജലയാനങ്ങൾക്ക് യാത്രാനിയന്ത്രണമുണ്ട്.
ഇനിയുള്ള നാലു മാസം ലക്ഷദ്വീപിലേക്ക് യന്ത്രവത്കൃത ഉരുക്കളിൽ ചരക്കുനീക്കമുണ്ടാകില്ല. ആൾത്താമസമുള്ള 10 ചെറുദ്വീപുകളടങ്ങിയ ലക്ഷദ്വീപിലേക്ക് വൻകരയിൽനിന്ന് ഉരുക്കൾ മുഖേനയാണ് പ്രധാനമായും ചരക്കുനീക്കം നടത്തുന്നത്.
മിനിക്കോയി, അമേനി, ആന്ത്രോത്ത്, കവരത്തി, കടമത്ത്, കൽപേനി, കിൽത്താൻ, അഗത്തി, ചേത്ത്ലത്ത്, ബിത്ര തുടങ്ങിയ ദ്വീപുകളിലേക്ക് ചരക്ക് കയറ്റിയ അഞ്ച് ഉരുക്കൾ തുറമുഖത്ത് യാത്രക്ക് തയാറായി നിൽക്കുന്നുണ്ട്. ഇവ ബുധനാഴ്ച രാത്രിയോടെ അവസാന ചരക്കുകളുമായി ലക്ഷദ്വീപിലേക്ക് പുറപ്പെടും.
ചരക്കുകൾ കയറ്റി തീരം വിടുന്നതിന് ഇവക്ക് പ്രത്യേകമായി രണ്ട് ദിവസം കൂടി അനുവദിച്ച് ക്ലിയറൻസ് നേരത്തെ തുറമുഖ അധികൃതർ നൽകിയിട്ടുണ്ട്. ബേപ്പൂരിനും ലക്ഷദ്വീപിനും ഇടയിൽ ഏകദേശം 27 ഓളം ഉരുക്കൾ സർവിസ് നടത്തുന്നതായാണ് കണക്ക്.
ബേപ്പൂർ തുറമുഖത്ത് നിരോധനം നിലവിൽ വന്നതോടെ ലക്ഷദ്വീപിൽ ചരക്ക് ഇറക്കിയ ശേഷം അടുത്ത ആഴ്ചയോടെ തിരിച്ചുവരുന്ന ഉരുക്കൾ ചാലിയാറിലെ സുരക്ഷിത സ്ഥലങ്ങളിൽ നങ്കൂരമിടും. നാലു മാസക്കാലത്തെ അവധി ലഭിക്കുന്നതിനാൽ ഉരുക്കളിലെ ജോലിക്കാർ ഏറെയും നാട്ടിലേക്ക് മടങ്ങും. മിക്ക ഉരു ഉടമകളും ജീവനക്കാരും തമിഴ്നാട്ടിലെ തൂത്തുക്കുടി, കടലൂർ സ്വദേശികളാണ്. ചിലർ തങ്ങളുടെ ഉരുവുമായി സ്വദേശത്തേക്ക് മടങ്ങും.
അവധിക്കാലമായ നാലുമാസം ബേപ്പൂരിൽ തന്നെ നങ്കൂരമിട്ട് തങ്ങുന്നവരും ഉണ്ട്. ഏതാനും തണ്ടേൽ (സ്രാങ്ക്)മാരും ജീവനക്കാരും നാട്ടിലേക്ക് പോകാതെ, നങ്കൂരമിട്ട ഉരുക്കളിൽ പുതിയ സീസണിലേക്കുള്ള തയാറെടുപ്പിനായി അറ്റകുറ്റപ്പണി നടത്തി ബേപ്പൂരിൽ തന്നെയുണ്ടാകും.
ദ്വീപിലേക്ക് അത്യാവശ്യമായ നിത്യോപയോഗ സാധനങ്ങളും പാചകവാതകവും ഡീസലും മറ്റും കൊണ്ടുപോകുന്ന ചെറു ചരക്കുകപ്പലുകള്‍ക്ക് (ബാർജ്) മൺസൂൺ കാല നിരോധനം ബാധകമല്ല.
ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള തിന്നക്കര, ഏലികൽപേനി, സാഗർ യുവരാജ്, സാഗർ സാമ്രാജ് തുടങ്ങിയ ബാർജുകളിലാണ് ദ്വീപിലേക്കു വേണ്ട അവശ്യ വസ്തുക്കളും ഇന്ധനവും നിരോധന കാലയളവിൽ എത്തിക്കുക.
നാലുമാസത്തെ നിരോധന കാലയളവ് തുറമുഖ തൊഴിലാളികൾക്ക് വറുതിയുടെ കാലമാണ്. നിലവിൽ ഉരുക്കളിലെ കയറ്റിറക്കുമതിയാണ് പ്രധാനമായും തൊഴിലാളികളുടെ വരുമാനമാർഗം. നാലു മാസത്തെ കടൽയാത്ര നിയന്ത്രണം മൂലം ജോലിയില്ലാതാകുന്നതോടെ തൊഴിലാളികൾ പ്രതിസന്ധിയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.