ബേപ്പൂർ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ബേപ്പൂർ പുലിമുട്ട് കടൽത്തീരത്ത് തീവ്ര തിരമാലകൾ ആഞ്ഞടിച്ചതിനെത്തുടർന്ന് കടൽക്കരയിൽ വിനോദസഞ്ചാരികൾക്കായി സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. ശനിയാഴ്ച രാത്രി 11ഓടെയാണ് അതിശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നത്.
ശക്തിയേറിയ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബ്രിഡ്ജിന്റെ പ്രവർത്തനം ശനിയാഴ്ച കലക്ടറുടെ നിർദേശത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രദേശവാസികളുടെയും എക്സ്കവേറ്ററിന്റെയും സഹായത്തോടെ ബ്രിഡ്ജിന്റെ തകർന്ന ഭാഗങ്ങൾ കരയിലേക്ക് വലിച്ചുകയറ്റി. ബേപ്പൂർ പുലിമുട്ട് തീരത്തുനിന്ന് കടലിനുള്ളിലേക്ക് 100 മീറ്ററോളം കാൽനടയായി സഞ്ചരിക്കാവുന്നതാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പോളിത്തീൻ ബ്ലോക്കുകൾ കൂട്ടിയോജിപ്പിച്ചാണ് പ്ലാറ്റ്ഫോം രൂപത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് കടൽക്കരയിൽ സ്ഥാപിച്ചിരിക്കുന്നത്. 300 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചുനിർത്തിയതാണെങ്കിലും തീവ്ര തിരമാലകൾ ആഞ്ഞടിച്ചപ്പോൾ ഫൈബർ നിർമിത ബ്രിഡ്ജിന്റെ കട്ടകൾ വേറിട്ട് കരയിലേക്ക് അടിച്ചുകയറി. ശനിയാഴ്ച വൈകീട്ടുവരെ ശാന്തമായ കടൽതീരം, ക്രമേണ ശക്തി പ്രാപിക്കുകയായിരുന്നു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രതയിലാണ്. കടൽത്തീരങ്ങളിൽ സൂക്ഷിച്ച ചെറുവഞ്ചികളും മീൻപിടിത്ത ഉപകരണങ്ങളും സുരക്ഷിതമാക്കിയിട്ടുണ്ട്. പുലിമുട്ട് കടൽത്തീര വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്കും ജാഗ്രത നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.