ബേപ്പൂർ: അർബുദം ബാധിച്ച് അരക്കുതാഴെ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ട 12കാരൻ ചികിത്സാ സഹായം തേടുന്നു. മാത്തോട്ടം തുലാമുറ്റം പറമ്പ് ഇടുമ്പഴിയിൽ മുഹമ്മദ് ഷാഫി-ബുഷ്റ ദമ്പതികളുടെ മകനാണ് ആബിദ് ഷാൻ. പഠനത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും അതീവതാൽപര്യം കാണിക്കുന്ന ആബിദ് ഷാൻ മീഞ്ചന്ത ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വിട്ടുമാറാത്ത പനി ബാധിച്ചായിരുന്നു രോഗത്തിന്‍റെ തുടക്കം.
തിരുവനന്തപുരം ആർ.സി.സി, ശ്രീചിത്ര, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എട്ടുമാസത്തോളം ചികിത്സക്ക് വിധേയനായി. അന്ന് രോഗം ഭേദമായെങ്കിലും വീണ്ടും അർബുദം ബാധിച്ചിരിക്കുകയാണ്. നാലാം ഘട്ടത്തിലാണെന്ന് അറിഞ്ഞതോടെ ആകെ തളർന്നിരിക്കുകയാണ് കുടുംബം. രണ്ടു സഹോദരിമാരും ഉമ്മയും ബാപ്പയുമടങ്ങുന്ന കുടുംബം സ്വന്തമായി വീടില്ലാത്തതിനാൽ വാടകവീട്ടിലാണ് താമസം. സൈക്കിളിൽ ഐസ് വിറ്റ് കഷ്ടിച്ച് കുടുംബം പുലർത്തുന്ന പിതാവ് ശാഫിക്ക് ഭാരിച്ച ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല. ചികിത്സയും ശുശ്രൂഷയുമായി ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ വീട്ടുകാർ പട്ടിണിയിലുമാണ്.
നാട്ടുകാർ തുടർ ചികിത്സാ സഹായത്തിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്. കോഴിക്കോട് കോർപർഷൻ 52-ഡിവിഷൻ കൗൺസിലർ ടി.കെ. ഷമീന ചെയർപേഴ്സണായും, ഷാനവാസ് മാത്തോട്ടം, സി.കെ. മുഹമ്മദ് നിസാർ എന്നിവർ ജനറൽ കൺവീനറായും റിട്ട. ആർ.ഡി.ഒ കെ.കെ. മൊയ്‌തീൻ കോയ, എൻ.സി. അബൂബക്കർ, പി.പി. ബീരാൻകോയ, സജീർ മാത്തോട്ടം, രാജീവ് തിരുവച്ചിറ, ദയാനിധി, അഷ്‌റഫ് (സ്രാങ്ക് )എന്നിവർ രക്ഷധികാരികളുമാണ്.
ഫെഡറൽ ബാങ്ക് അരക്കിണർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. പേര്: ഷാനവാസ്, ഷാഫി (ജോയിന്‍റ് അക്കൗണ്ട്). അക്കൗണ്ട് നമ്പർ: 11110100243223. ഐ.എഫ്.എസ്.സി: FDRL0001111.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.