ബേപ്പൂർ: ബേപ്പൂർ, മാറാട് മേഖലകളിൽ തെരുവുനായുടെ ശല്യം രൂക്ഷം. മാറാട് വാട്ടർടാങ്ക്, മാത്തോട്ടം കനാൽ റോഡ്, നടുവിൽപാടം, വടക്കൻതിരുത്തി തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യവും ഭീഷണിയും രൂക്ഷമായത്.
നായ്ക്കൾ പ്രദേശത്താകെ കൂട്ടത്തോടെ സഞ്ചരിച്ച് കാൽനടക്കാരെയും ഇരുചക്രവാഹനക്കാരെയും നിരന്തരം ആക്രമിക്കാൻ ശൗര്യത്തോടെ ഓടിയടുക്കുകയാണ്. നായ്ശല്യം രൂക്ഷമായതിനാൽ കൊച്ചുകുട്ടികളും പ്രായമുള്ളവരും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. ശനിയാഴ്ച രാവിലെ മദ്റസയിൽ പോകുന്ന വിദ്യാർഥികൾക്ക് നേരെ നായ്ക്കൾ കൂട്ടത്തോടെ ഓടിവന്നത് കുട്ടികളിലും നാട്ടുകാരിലും ഭീതിപരത്തി.
വാട്ടർടാങ്ക് - കനാൽ റോഡിൽ വെച്ച് കടയിൽ പോയി വരുന്ന നടുവിൽപാടം കെ.ടി ഹൗസിൽ ഉമൈബയെ നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിക്കുകയും കടിയേറ്റ് മാരകമായ പരിക്കോടെ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആഴ്ചകൾക്കുമുമ്പ് മാത്തോട്ടം ഫോറസ്റ്റ് ഓഫിസിന് പിറക് വശത്തെ ഇടവഴിയിൽ വെച്ച് മകനെ സ്കൂളിൽ കൊണ്ടുവിട്ട് തിരിച്ചുവരുകയായിരുന്ന കെ.പി. റമീസിന്റെ ഭാര്യ ദാനയെ തെരുവുനായ്ക്കൾ ആക്രമിക്കാൻ വന്നെങ്കിലും ഉറക്കെ നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതിനാൽ രക്ഷപ്പെട്ടു. ദിവസേന വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രദേശത്തെ നായ്ശല്യം തടയാൻ കോർപറേഷൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.