കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ജില്ലയില്‍നിന്ന് പതിനയ്യായിരം പേര്‍ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു. യാത്രയുടെ ഒരുക്കങ്ങളുടെ ഭാഗമായുള്ള മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചു. ആറ് ദിവസങ്ങളിലായി തൃശൂര്‍, മലപ്പുറം ജില്ലകളിലെ യാത്രകളിലാണ് കോഴിക്കോട് ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത്.
ഇതിന്റെ പ്രചാരണാർഥം ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് നയിക്കുന്ന ജില്ല സന്ദേശജാഥ സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് കുറ്റ്യാടിയില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ വേളത്തുനിന്ന് പ്രയാണം ആരംഭിച്ച് ജാഥ 15ന് കുറ്റിച്ചിറയില്‍ സമാപിക്കും. സമാപനസമ്മേളനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും.കൂപ്പണ്‍ വിതരണത്തിലൂടെ പൊതുജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരിച്ചാണ് ഭാരത് ജോഡോ യാത്രയുടെ ചെലവിനായുള്ള തുക സമാഹരിക്കുന്നത്.
ജില്ലയില്‍ സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ മുഴുവന്‍ ബൂത്തുകളിലും നേതാക്കളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്ത് ഫണ്ട് സ്വരൂപിക്കും. ജില്ല സന്ദേശജാഥ കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തി ഫണ്ട് ഏറ്റുവാങ്ങും. ഭാരത് ജോഡോ യാത്ര ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും പ്രവീണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്തസമ്മേളനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, ഡി.സി.സി ഭാരവാഹികളായ രാജേഷ് കീഴരിയൂര്‍, ഷാജിര്‍ അറാഫത്ത്, സമീജ് പാറോപ്പടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.