കോഴിക്കോട്: ഒരു കൊല്ലത്തോളമായി പൊളിഞ്ഞുകിടക്കുന്ന ഭട്ട് റോഡ് ബീച്ച്, മഴയിൽ കൂടുതൽ അപകടാവസ്ഥയിലായി. പാർക്കും നടപ്പാതകളുമെല്ലാം കടലാക്രമണത്തിൽ തകർന്നുകിടപ്പാണ്. ഭട്ട് റോഡിൽ കടലാക്രമണമുണ്ടായത് 2023 ജൂലൈയിലാണ്. അന്ന് കടൽ കരയേറിയതോടെ ഇരിക്കാനും കളിക്കാനുമെല്ലാമുള്ള സ്ഥലം ഇല്ലാതായി. തീരം ഇല്ലാതായതോടെ തിരയടിച്ചാൽ അപകടാവസ്ഥയുണ്ട്. കാറ്റുകൊള്ളാൻ ആളുകൾ വരുന്ന ഭാഗവും ഇടിഞ്ഞു. മഴയും വെയിലും കൊള്ളാതിരിക്കാനുള്ള ചെറിയ കുടിലുകളിൽ പലതും അപകടാവസ്ഥയിൽ പൂഴിയിലമർന്നു. ഇന്റർലോക്കിട്ട ഭാഗങ്ങളിളകി അടിയിലുള്ള പൈപ്പും മറ്റും പുറത്തായി. കോൺക്രീറ്റ് കുടിലുകളുടെ മേൽക്കൂരയും പൊളിഞ്ഞിട്ടുണ്ട്. കടലിനോട് ചേർന്നുള്ള മതിൽകെട്ടുകൾ പൊളിഞ്ഞു. വിളക്കുകാലുകളും തറയുമെല്ലാം തകർന്നു. കടലിലേക്കുള്ള സ്റ്റെപ്പുകളും തകർന്നു. വിളക്കുകാലുകളുടെ അവശിഷ്ടങ്ങളാണ് പലേടത്തും.
സൗത്ത് ബീച്ചിനും കടൽപാലങ്ങൾക്കിടയിലുമെന്നപോലെ ഭട്ട് റോഡ് ബീച്ചിലും അവധി ദിവസങ്ങളിലടക്കം വൻ തിരക്കാണ്. ഇത്രയും കൂടുതൽ പേരെത്തുന്ന സ്ഥലം നഗരത്തിന് അപമാനമായി തുടരുന്നു. അന്ന് കടപുഴകിയ മരങ്ങളുടെയും കുട്ടികളുടെ പാർക്കിലെയും മറ്റും അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു.
ബോട്ട് ഓടിക്കാനും മറ്റുമുള്ള തടാകങ്ങൾക്കടുത്തേക്ക് മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ പോവാനാവില്ല. ടൂറിസം വകുപ്പ് ഭട്ട് റോഡിലെ റോഡുകളടക്കം നവീകരിക്കാനും തകർന്ന ഭാഗങ്ങൾ വൃത്തിയാക്കാനും ബീച്ച് നവീകരിക്കാനും പദ്ധതിയിട്ടെങ്കിലും തുടർനടപടികളിലേക്ക് കടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.