കോഴിക്കോട്: നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് കത്തിയ സംഭവത്തിൽ ഫോറൻസിക് പരിശോധന പൂർത്തിയായി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബാറ്ററി ടെർമിനലിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് സയന്റിഫിക് ഓഫിസർ സുധിലേഖയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കാറിൽനിന്ന് തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കളൊന്നും കണ്ടെത്താനായില്ല. ശേഖരിച്ച സാമ്പിൾ കണ്ണൂരിലെ ഫോറൻസിക് ലാബിലേക്കയക്കുമെന്നും അവിടത്തെ പരിശോധനയിൽ മാത്രമേ തീപിടിത്ത കാരണം കണ്ടെത്താനാവൂ എന്നും അവർ പറഞ്ഞു.
കോട്ടൂളി ജങ്ഷനിൽനിന്ന് സിവിൽ സ്റ്റേഷനിലേക്ക് പോകുന്ന കെ.ടി. ഗോപാലൻ റോഡിൽ റോയൽ ഹാർമണി ഫ്ലാറ്റിന് മുന്നിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അമിത വേഗത്തിൽ വന്ന ഡി.എൽ -നാല് സി.എൻ.സി -3979 നമ്പർ ഹോണ്ട സിറ്റി കാർ എതിരെ വന്ന കെ.എൽ 11 എ.എക്സ് -8664 കാറിൽ ഇടിച്ചത്.
അപകടത്തിനു പിന്നാലെ ഹോണ്ട സിറ്റി കാർ പൂർണമായും കത്തി. ഇതിനിടെ കാറിൽനിന്ന് രക്ഷപ്പെട്ടവർ സ്ഥലത്തുനിന്ന് പോയതും രണ്ടുദിവസം പൊലീസുമായി ബന്ധപ്പെടാതിരുന്നതുമാണ് സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചത്. അതേസമയം, തീപിടിച്ച കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട നാലുപേരെ കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് പൊലീസ് കണ്ടെത്തി ചോദ്യംചെയ്തു.
ചികിത്സതേടി ആശുപത്രിയിൽ പോയതിനാലാണ് സ്റ്റേഷനുമായി ബന്ധപ്പെടാതിരുന്നത് എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കാർ ഡ്രൈവർ മേരിക്കുന്ന് സ്വദേശി അർജുനന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.