നന്മണ്ട: ക്ഷീരകർഷകർ പശുക്കളെ ഒഴിവാക്കി പോത്തുപരിപാലനത്തിലേക്കു ചുവടുമാറുന്നത് ക്ഷീരസംഘങ്ങൾക്ക് പാൽസംഭരണത്തിന് പ്രതിസന്ധിയാവുന്നു. കാലിത്തീറ്റയുടെയും വയ്ക്കോലിന്റെയും വിലവർധനയും ദൗർലഭ്യവുമാണ് ക്ഷീരകർഷകരെ ഈ മേഖലയിൽനിന്നു പിന്നോട്ടുവലിക്കുന്നത്. നാട്ടിൻപുറങ്ങളിലെ ക്ഷീരകർഷകരാണ് പോത്തുപരിപാലനത്തിലേക്കു മാറിത്തുടങ്ങിയത്.
ആന്ധ്ര, തമിഴ്നാട്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് പോത്തിൻകുട്ടികളെ കാര്യമായി ഇറക്കുമതി ചെയ്യുന്നത്. മോറ ഇനത്തിലുള്ള പോത്തിനാണ് ഡിമാൻഡെന്നും ഇത് കർഷകർക്ക് ഏറെ ലാഭകരമാണെന്നും കർഷകനും ദല്ലാളുമായ കുട്ടമ്പൂരിലെ കോളിയോട്ടുകണ്ടി റസാഖ് പറയുന്നു.
ഇവ പൂർണ വളർച്ചയെത്തുമ്പോഴേക്കും 100 മുതൽ 150 കിലോ വരെ തൂക്കം കിട്ടുമെന്നും റസാഖ് പറഞ്ഞു. പാടങ്ങളിലേക്ക് അഴിച്ചുവിട്ടാൽ പോത്തുകൾക്ക് വിശപ്പടക്കാനുമാവും. തൊഴുത്തിൽ കയറി വൃത്തിയാക്കാൻ സമയവും കളയേണ്ടതില്ല.
കറവപ്പശുവാണെങ്കിൽ ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം പാലിന്റെ അളവ് നോക്കിയാണ് വില നിശ്ചയിക്കുക. പാൽ വറ്റിയ പശുവാണെങ്കിൽ കച്ചവടക്കാർ ഇറച്ചിവില കണക്കാക്കിയാണ് വില പറയുക. എന്നാൽ, പോത്തുകൃഷിയിലൂടെ നഷ്ടം വന്നതായി ഒരു കർഷകനും പറയുന്നില്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.