കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്തയാളുടെ പേരിൽ രണ്ടാമതും കേസ്. കാലിക്കറ്റ് സർവകലാശാലക്കടുത്ത് താമസിക്കുന്ന നരിക്കുനി സ്വദേശി ഒ.പി. രവീന്ദ്രനാണ് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് സമൻസ് ലഭിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇദ്ദേഹം പ്രതിയാണ്. ആ കേസ് ഒരു വർഷമായി കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണ് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏപ്രിൽ 21ന് ജെ.എഫ്.സി.എം -മൂന്ന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ച് സമൻസ് ലഭിച്ചത്. മുൻ കേസിൽ ചുമത്തപ്പെട്ട ഹർത്താലിന് ആഹ്വാനം നൽകി, അക്രമം പ്രോത്സാഹിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് ഈ കേസിലും ചുമത്തിയത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സർക്കാർ പിൻവലിച്ചപ്പോൾ, പ്രഖ്യാപിച്ചത് പൗരത്വ നിയമവുമായി ബന്ധപ്പെട്ട കേസുകളും പിൻവലിക്കുമെന്നാണ്. എന്നാൽ, പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ചില്ലെന്നു മാത്രമല്ല പുതിയ കേസുകൾ വരുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു സമരത്തിന് ഒരേ വകുപ്പുകളുള്ള രണ്ട് കേസ് ചുമത്തിയതിലും ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കസബ സ്റ്റേഷനിൽനിന്നും പൊലീസുകാരൻ വാട്സ്ആപ് വഴിയാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പുതിയ കേസിന്‍റെ സമൻസ് കൈമാറിയതെന്നതടക്കം കാണിച്ചുള്ള രവീന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ സർക്കാറിനെയും ആഭ്യന്തര വകുപ്പിനെയും വിമർശിച്ച് നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പൗരത്വ സമരവുമായി ബന്ധപ്പെട്ട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ 48 പേർ വിചാരണ നേരിടുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.