കോഴിക്കോടും റഷ്യയിലെ ത്വെർ നഗരവുമായി സഹകരണ പദ്ധതി

കോഴിക്കോട്: റഷ്യയിലെ പുരാതനമായ ത്വെർ നഗരവുമായി സഹകരിച്ച് പ്രവർത്തിക്കാൻ നഗരസഭ തീരുമാനം. മേയർ ഡോ. ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗത്തിലാണ് തീരുമാനം.

റഷ്യയുമായി ഇന്ത്യയുടെ സൗഹൃദത്തിന്‍റെ 75ാം വാർഷികത്തിന്‍റെയും വിഖ്യാത റഷ്യൻ സഞ്ചാരി അഫനാസി നികിതിൻ കോഴിക്കോട് സന്ദർശിച്ചതിന്‍റെ 550ാം വാർഷികത്തിന്‍റെയും ഭാഗമായാണ് നടപടി. ഇതിന്‍റെ ഭാഗമായി റഷ്യയിൽനിന്നുള്ള സംഘം 17ന് കോഴിക്കോട്ടെത്തും. ഇവരുടെ സാന്നിധ്യത്തിൽ യോഗവും തുടർന്ന് സാംസ്കാരിക പരിപാടിയും നടത്തും. പരിപാടിയുടെ ഭാഗമായി കസ്റ്റംസ് റോഡിന് അഫനാസി നികിതിന്‍റെ പേരിടാനും തീരുമാനമായി. റോഡ് നവീകരിച്ച് മനോഹരമാക്കും. ഇന്ത്യയിൽ എത്തിയതായി രേഖപ്പെടുത്തിയ ആദ്യ സഞ്ചാരികളിലൊരാളാണ് നികിതിൻ.

റഷ്യൻ ഭക്ഷ്യമേളയും നടത്തും. ഇരു നഗരങ്ങളും ട്വിൻ സിറ്റികളായി പ്രവർത്തിക്കുന്നതിനുള്ള പ്രാരംഭ ചർച്ചകളും നടക്കും. വോൾഗയടക്കം മൂന്നു നദികളുടെ തീരത്ത്, മോസ്കോയുടെ 180 കിലോമീറ്റർ വടക്കുകിഴക്കായുള്ള നഗരമാണ് ത്വെർ.

1466ലാണ് റഷ്യൻ വ്യാപാരിയായ അഫനാസി നികിതിൻ ജന്മനഗരമായ ത്വെർ വിട്ട് വോൾഗ നദി വഴി ഇന്ത്യയിലേക്കു പുറപ്പെട്ടത്. കോഴിക്കോട്ടെത്തി കച്ചവടം നടത്തിയശേഷം അദ്ദേഹം സിലോണിലേക്ക് പോവുകയായിരുന്നു. എന്നാൽ, പദ്ധതിയെപ്പറ്റി കൂടുതൽ വ്യക്തതയില്ലാത്തതിനാൽ അജണ്ട മാറ്റിവെക്കണമെന്ന് ബി.ജെ.പിയിലെ നവ്യ ഹരിദാസിന്‍റെ നേതൃത്വത്തിൽ ആവശ്യമുയർന്നെങ്കിലും മേയറുടെ വിശദീകരണത്തെ തുടർന്ന് അംഗീകരിക്കുകയായിരുന്നു. ചരിത്രം തിരിച്ചറിയാനാണ് ഇത്തരം പദ്ധതികൾ കൊണ്ടുവരുന്നതെന്നും കോഴിക്കോടിനെപ്പറ്റി നികിതിൻ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും ഇരു രാജ്യങ്ങളും വീണ്ടും കൂടുതൽ അടുക്കുകയാണെന്നും അവർ പറഞ്ഞു. കോഴിക്കോട്ട് റഷ്യൻ സഞ്ചാരിയുടെ പേരിടുന്നതിന് പകരം കേരള ഗാന്ധി കെ. കേളപ്പന് ത്വെർ നഗരത്തിൽ സ്മാരകമൊരുക്കണമെന്ന് ബി.ജെ.പിയിലെ ടി. റനീഷ് ആവശ്യപ്പെട്ടു. ഇതടക്കം എല്ലാ കാര്യങ്ങളും പരിഗണിക്കുമെന്ന് മേയർ പറഞ്ഞു.

തെളിനീരൊഴുകും നവകേരളംപദ്ധതി നടപ്പാക്കും

സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും മാലിന്യമുക്തവും വൃത്തിയുള്ളതുമാക്കി സൂക്ഷിക്കാനുള്ള തെളിനീരൊഴുകും നവകേരളം കാമ്പയിൻ നടപ്പാക്കാനുള്ള നടപടികളെടുക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

നിലവിലുള്ള പദ്ധതികൾ നടപ്പാകാത്തതും പ്ലാസ്റ്റിക് മാലിന്യമടക്കം കുമിഞ്ഞുകൂടുന്നതും ചൂണ്ടിക്കാട്ടി കെ. മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ, കെ.സി. ശോഭിത തുടങ്ങിയവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധമുയർത്തി.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ വിമർശനങ്ങൾക്ക് മറുപടി നൽകി. നീർച്ചാലുകൾ, തോടുകൾ, വലിയ ജലാശയങ്ങൾ എന്നിവയുടെ പട്ടികയുണ്ടാക്കുക, ഗുരുതര മലിനീകരണമുള്ള ഉറവിടങ്ങളിൽനിന്നുള്ള സാമ്പിളുകൾ പ്രാഥമിക ജലപരിശോധനക്കു വിധേയമാക്കി മലിനീകരണ തോത് നിർണയിക്കുക, മലിനീകരണം കണ്ടെത്തിയ ഇടങ്ങൾ ജനകീയ ശുചീകരണ യജ്ഞത്തിലൂടെ വൃത്തിയാക്കുക, സമ്പൂർണ ശുചിത്വ പദവി കൈവരിക്കുക തുടങ്ങിയവയെല്ലാം പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

Tags:    
News Summary - Co-operation project with Kozhikode and Tver city in Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:16 GMT
access_time 2024-07-26 12:27 GMT