കോഴിക്കോട്: കോസ്മറ്റോളജി കോഴ്സിെൻറ പേരിൽ ലക്ഷങ്ങൾ തട്ടിയെന്നാരോപിച്ച് നടക്കാവ് ലാക്മെ അക്കാദമിക്കു മുന്നിൽ വിദ്യാർഥിനികളുടെ ഉപരോധം. രണ്ടു മാസം മുതൽ ഒരു വർഷംവരെയുള്ള കോഴ്സുകൾ രണ്ടര വർഷമായിട്ടും പൂർത്തിയായില്ലെന്ന് വിദ്യാർഥിനികൾ ആരോപിച്ചു. 75000 മുതൽ രണ്ട് ലക്ഷം രൂപ വരെ ഫീസടച്ചിട്ടുണ്ട്. പുസ്തകം പോലും തന്നിട്ടില്ല. കോഴ്സ് നീണ്ടുപോയതിനാൽ ഹോസ്റ്റൽ ഫീസടക്കമുള്ള ചെലവുകളും നീളുകയാണ്. വായ്പയെടുത്ത തുക തിരിച്ചടക്കാനും കഴിയുന്നില്ല. ഫീസ് തിരിച്ചു തരണമെന്നാണ് ആവശ്യം. തുടർന്നാണ് നടക്കാവ് തൻവീർ കോംപ്ലക്സിലെ ലാക്മെ അക്കാദമിക്ക് മുന്നിൽ സമരം നടത്തിയത്.
2019 േമയ് മാസമാണ് അഡ്വാൻസ്ഡ് കോസ്മറ്റോളജി, മേക്കപ്പ് ആർട്ടിസ്റ്ററി, ബേസിക് കോസ്മറ്റോളജി തുടങ്ങിയ കോഴ്സുകൾക്ക് വിദ്യാർഥിനികൾ ചേർന്നത്. അഡ്വാൻസ്ഡ് കോസ്മറ്റോളജി കോഴ്സ് ഒരു വർഷത്തിനകം പൂർത്തിയാകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, അനന്തമായി നീളുകയായിരുന്നു. തുടക്കത്തിൽതന്നെ മുഴുവൻ ഫീസും ഇവർ കൈപ്പറ്റിയിരുന്നു. ആപ്ടെക് എന്ന സ്ഥാപനത്തിെൻറ സഹകരണത്തോടെ സഫ്രോൺ ആണ് കോഴ്സുകൾ നടത്തുന്നത്. കോഴ്സ് തുടങ്ങി ഏഴു മാസമായിട്ടും കാര്യമായ ക്ലാസുകൾ നടത്തിയിരുന്നില്ല. 2021 മാർച്ചിൽ നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. 110 ദിവസത്തിനകം ക്ലാസുകൾ പൂത്തിയാക്കുമെന്ന് നടത്തിപ്പുകാരനായ ടിറ്റു മാത്യു രേഖാമൂലം ഉറപ്പുനൽകിയെങ്കിലും വാക്കു പാലിച്ചില്ലെ7 വിദ്യാർഥിനികൾ ആരോപിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരും കോഴ്സിന് ചേർന്നവരിലുണ്ട്. താൽക്കാലിക ജീവനക്കാരെ മുന്നിൽനിർത്തി ഉടമകൾ ഒളിച്ചിരിക്കുകയാണെന്നും ഫോൺ എടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഈ സ്ഥാപനത്തിൽ പഠിച്ച ആർക്കും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.
സ്ഥലെത്തത്തിയ നടക്കാവ് എസ്.ഐ മനോജിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാർഥിനികളുമായും അക്കാദമിയിലെ ജീവനക്കാരിയുമായും സംസാരിച്ചു. പണം തിരിച്ചുതരില്ലെന്നും കോഴ്സ് പൂർത്തിയാക്കാമെന്നും ഉടമകൾ ഫോണിലൂടെ െപാലീസിനെ അറിയിച്ചു. എന്നാൽ, ഈ നിർദേശം അംഗീകരിക്കാനാവില്ലെന്നായിരുന്നു വിദ്യാർഥിനികളുടെ നിലപാട്. ഡി.ജി.പിക്കും ആരോഗ്യമന്ത്രിക്കും വനിത കമീഷനും സിറ്റി െപാലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച സിറ്റി പൊലീസ് േമധാവിയുടെ ഓഫിസിൽ ചർച്ചക്ക് വരാൻ ഉടമകൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് വിദ്യാർഥിനികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.