കോഴിക്കോട്: ലോക്ഡൗണിൽ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകിയ വെള്ളിയാഴ്ച നഗരത്തിൽ വൻ തിരക്ക്. ആഴ്ചകൾക്ക് ശേഷമാണ് ഇത്രയും പേർ ഒന്നിച്ച് റോഡിലിറങ്ങിയത്. സ്റ്റേഷനറി, ജ്വല്ലറി, ചെരിപ്പ്, തുണി, കണ്ണട, ശ്രവണസഹായി, പുസ്തകം എന്നിവയുടെ കടകളും മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന കടകളും ബാങ്കും ധനകാര്യ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി കിട്ടിയതോടെയാണ് തിരക്കേറിയത്.
മിഠായിതെരുവിലും പാളയത്തും വലിയങ്ങാടിയിലും ഗൾഫ് ബസാറിലുമൊക്കെ നല്ല തിരക്കായിരുന്നു. മൊബൈൽ കടകൾക്കും കമ്പ്യൂട്ടർ കടകൾക്കും മുന്നിൽ വലിയ നിര തന്നെ പ്രത്യക്ഷപ്പെട്ടു. അറ്റകുറ്റപ്പണിക്കായി വാഹന ഷോറൂമുകളും വെള്ളിയാഴ്ച തുറന്നിരുന്നു.
നിര്‍മാണമേഖലയിലെ സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും യാത്ര ചെയ്യാനും അനുമതിയുണ്ടായി. വ്യാപാരസ്ഥാപനങ്ങള്‍ തുറന്നതോടെ സാധനങ്ങള്‍ വാങ്ങാൻ പല സ്ഥലങ്ങളിൽനിന്ന് രാവിലെ മുതൽ ജനം നഗരത്തിലെത്തി. സത്യവാങ്മൂലം കരുതാതെ തന്നെ പലരും ഇളവുകളിൽ പുറത്തിറങ്ങി. ബാങ്ക് റോഡ്, കല്ലായ് റോഡ്, മാനാഞ്ചിറ തുടങ്ങി സ്ഥിരം പിക്കറ്റ് പോസ്റ്റുകളില്‍ പൊലീസ് രാവിലെ മുതല്‍ വാഹന പരിശോധനക്ക് നിലയുറപ്പിച്ചെങ്കിലും തിരക്കേറിയതോടെ ഗതാഗതകുരുക്ക് തുടങ്ങി. കോഴിക്കോട് സിറ്റിയില്‍ മാത്രം 51 വാഹന പരിശോധന പോയൻറുകളാണുള്ളത്.
കാരപ്പറമ്പിലും എരഞ്ഞിപ്പാലത്തും ജങ്ഷന് സമീപമാണ് പിക്കറ്റ് പോസ്റ്റുകൾ. വാഹനം നിര്‍ത്തി പരിശോധിക്കുമ്പോള്‍ നിര കവലക്ക് നടുവിലേക്ക് എത്തുന്നതിനാൽ ഗതാഗതകുരുക്ക് ഭയന്ന് പലപ്പോഴും പരിശോധനയൊന്നും നടന്നില്ല. എന്നാൽ ആൾത്തിരക്കുണ്ടെങ്കിലും കച്ചവടം സാധാരണ നിലയിലായില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ മാസം അവസാനവും ഇളവുകളോടെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നിരുന്നു. ജില്ലയില്‍ മാത്രം ദിവസം100 കോടിയുടെ വ്യാപാരം നടന്നിരുന്നെന്ന് വ്യാപാരികൾ പറയുന്നു.
കോവിഡ് രണ്ടാം തരംഗത്തില്‍ ലോക്ഡൗൺ വന്നപ്പോൾ മാസം നഷ്ടം ചുരുങ്ങിയത് 4,000 കോടി രൂപയായി. കോവിഡ് വ്യാപനം രൂക്ഷമായ കടലുണ്ടി, തിക്കോടി, തലക്കുളത്തൂര്‍, ചെങ്ങോട്ട്കാവ്, പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലും ലോക്ഡൗൺ ഇളവുകള്‍ ഇല്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.