കോഴിക്കോട്: മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കവാടത്തിൽ ഓട്ടോകൾക്ക് നിർത്തിയിടാൻ മതിയായ സ്ഥലമില്ലാത്തത് കാരണം ഗതാഗതക്കുരുക്ക്. സ്റ്റാൻഡിനു മുന്നിൽനിന്ന് പടിഞ്ഞാറു ഭാഗം കവാടത്തിലേക്ക് നീളുന്ന ഓട്ടോറിക്ഷകളുടെ നീണ്ടനിര ബസുകൾ സ്റ്റാൻഡിലേക്ക് കടക്കുന്ന കവാടത്തിൽ തടസ്സമുണ്ടാക്കുന്നു. സ്റ്റാൻഡിനകത്തേക്ക് ഓട്ടോ വരി നീളുമ്പോൾ നടപ്പാത തടസ്സപ്പെടുന്നു. കാൽനടക്കാർ ജീവൻ പണയംവെച്ച് റോഡിലിറങ്ങി പോവുകയേ പിന്നെ വഴിയുള്ളൂ. നഗരത്തിൽ ഏറ്റവും തിരക്കേറിയ സ്റ്റാൻഡിനു മുന്നിലാണ് പതിവായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്ന പടിഞ്ഞാറെ കവാടത്തിൽ സ്ഥിരം ആശയക്കുഴപ്പമാണ്. ഇവിടെ ഓട്ടോറിക്ഷകൾ, യാത്രക്കാരുമായെത്തുന്ന മറ്റ് വാഹനങ്ങൾ എന്നിവ കവാടത്തിൽ നിർത്തിയിടുന്നതാണ് മുഖ്യപ്രശ്നം.
ഓട്ടോറിക്ഷകൾ നിർത്തി ആളെയിറക്കേണ്ടത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ മുഖ്യ കവാടത്തിലാണെങ്കിലും ബസുകൾ കയറേണ്ട പടിഞ്ഞാറെ കവാടത്തിൽ ആളെയിറക്കുന്നതും ബുദ്ധിമുട്ടാവുന്നു. ഓട്ടോ തലങ്ങും വിലങ്ങും നിർത്തുന്നതോടെ സ്റ്റാൻഡിലേക്ക് കയറാനാവാതെ ബസുകൾ പുറത്തുനിൽക്കേണ്ട സ്ഥിതിയും വരാറുണ്ട്.
മാവൂർ റോഡിൽനിന്ന് നോക്കുമ്പോൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കുള്ള കവാടമേതെന്ന് തിരിച്ചറിയാത്തതും യാത്രക്കാരെ വലക്കുന്നു. ഓട്ടോയിലും മറ്റും വന്നിറങ്ങുന്നവർ ഏതുവഴി കയറണമെന്നറിയാത മാവൂർ റോഡിൽ കറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. അനധികൃത പാർക്കിങ് ഒഴിവാക്കുകയും ഓട്ടോകൾ ആളെയിറക്കുന്നത് സ്റ്റാൻഡിന്റെ കവാടത്തിൽ മാത്രമാക്കുകയും ചെയ്താൽ പ്രതിസന്ധി പരിഹരിക്കപ്പെടും.ബസ് സ്റ്റാൻഡിലേക്കുള്ള വഴി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.