കോഴിക്കോട്: ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ പട്ടിക കെ.പി.സി.സി അംഗീകരിച്ച് പുറത്തുവന്നപ്പോൾ നഷ്ടമുണ്ടായത് എ ഗ്രൂപ്പിന്. മുതിർന്ന നേതാക്കളുടെ വീതംവെപ്പാണ് ഗ്രൂപ്പിന് നഷ്ടമുണ്ടാക്കിയതെന്നാണ് പരക്കെയുള്ള ആക്ഷേപം. ഇതുസംബന്ധിച്ച മുറുമുറുപ്പും നേതാക്കൾക്കിടയിൽ തുടങ്ങി. ജില്ലയിലെ 26 ബ്ലോക്ക് പ്രസിഡന്റുമാരിൽ പയ്യോളി, വടകര, ബേപ്പൂർ, ഫറോക്ക്, താമരശ്ശേരി, മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ പ്രസിഡന്റുസ്ഥാനങ്ങളെ ചൊല്ലിയായിരുന്നു പ്രധാനമായും തർക്കം. ഇവിടങ്ങളിലേതൊഴികെ 19 പ്രസിഡന്റുമാരുടെ പട്ടിക ഡി.സി.സി നേതൃത്വം അംഗീകരിച്ചാണ് കെ.പി.സി.സിക്ക് കൈമാറിയത്. തർക്കമുള്ള ബ്ലോക്കുകളിൽ വന്ന പേരുകൾ കെ.പി.സി.സിക്ക് പ്രത്യേക പട്ടികയായി നൽകുകയുമായിരുന്നു. എന്നാൽ, ഈ ഏഴിടങ്ങളിൽ എ ഗ്രൂപ് പൂർണമായും അവഗണിക്കപ്പെട്ടു എന്നാണ് പരാതി. ഇത് അടിത്തട്ടിൽവരെ അമർഷത്തിനിടയാക്കിയിട്ടുണ്ട്.
കെ.സി. അബു ഡി.സി.സി പ്രസിഡന്റായിരുന്ന സമയത്ത് ജില്ലയിലെ 15വരെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ എ ഗ്രൂപ്പിന്റെ കൈവശമായിരുന്നു. ഇത് പിന്നീട് പത്തായി കുറഞ്ഞു. ഇത്തവണയിത് ആറായി ചുരുങ്ങിയെന്നും അസംതൃപ്തരായ എ ഗ്രൂപ് നേതാക്കൾ പറയുന്നു. ഇത്തവണ ചേവായൂർ, കൊയിലാണ്ടി, കൊടുവള്ളി, കുറ്റ്യാടി, കുന്ദമംഗലം, നടുവണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് പദവികളിലാണ് എ ഗ്രൂപ് പ്രതിനിധികൾ എത്തിയത്. വടകര, താമരശ്ശേരി, പയ്യോളി, ബാലുശ്ശേരി പ്രസിഡന്റുപദവികളാണ് പ്രധാനമായും എ ഗ്രൂപ്പിന് നഷ്ടമായത്. ജില്ലയിൽ നിന്നുള്ള എം.പിമാരായ എം.കെ. രാഘവനും കെ. മുരളീധരനും ബ്ലോക്ക് പ്രസിഡന്റ് പദവികളിൽ കാര്യമായ അവകാശവാദമുന്നയിച്ചിരുന്നില്ല. എന്നാൽ, കെ. മുരളീധരൻ എം.പി പരിഗണിക്കരുത് എന്നാവശ്യപ്പെട്ട നേതാവ് വടകര ലോക്സഭ മണ്ഡല പരിധിയിൽ പ്രസിഡന്റായി. ഇതിനെതിരെ മുരളീധരൻ പരസ്യ വിമർശനവുമായി രംഗത്തുവരുകയും ചെയ്തു. വടകരയിൽ മുരളീധരന്റെ പ്രതിനിധിയും ഫറോക്കിൽ രാഘവന്റെ പ്രതിനിധിയായ എ ഗ്രൂപ്പുകാരനുമാണ് പ്രസിഡന്റായത്.
ബേപ്പൂർ, മാങ്കാവ്, പേരാമ്പ്ര, അഴിയൂർ എന്നിവിടങ്ങളിലെ പ്രസിഡന്റുമാർ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എയെയും മുക്കം, തിരുവമ്പാടി, പയ്യോളി, പന്നിയങ്കര എന്നിവിടങ്ങളിലെ പ്രസിഡന്റുമാർ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്തിനെയും കാവിലുംപാറയിലെ പ്രസിഡന്റ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസിനെയും എലത്തൂർ, ചേളന്നൂർ, പെരുവയൽ, നാദാപുരം, വില്യാപ്പള്ളി എന്നിവിടങ്ങളിലെ പ്രസിഡന്റുമാർ മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യനെയും പിന്തുണക്കുന്നവരാണ്.
പേരാമ്പ്രയിലെ കെ. മധുകൃഷ്ണന് ഒഴികെ ബാക്കി 25 ബ്ലോക്ക് പ്രസിഡന്റുമാരും പുതുമുഖങ്ങളാണ്. വില്യാപ്പള്ളിയിലെ പി.സി. ഷീബയാണ് പട്ടികയിലെ ഏക വനിത പ്രസിഡന്റ്. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരില്‍ മൂന്നുപേരും ബ്ലോക്ക് പ്രസിഡന്റുമാരായി.
1. അഴിയൂർ -പറമ്പത്ത് പ്രഭാകരൻ, 2. വടകര -സതീശൻ കുരിയാടി, 3. കുറ്റ്യാടി -ശ്രീജേഷ് ഊരത്ത്, 4. വില്യാപ്പള്ളി -പി.സി. ഷീബ, 5. നാദാപുരം -മോഹൻ പാറക്കടവ്, 6. കാവിലുംപാറ -ജമാൽ കോരംകുണ്ട്, 7. കൊയിലാണ്ടി -തേരോത്ത് മുരളി, 8. പയ്യോളി -കെ.ടി. വിനോദ്, 9. പേരാമ്പ്ര -കെ. മധുകൃഷ്ണൻ, 10. മേപ്പയ്യൂർ -കെ.പി. രാമചന്ദ്രൻ, 11. ബാലുശ്ശേരി -ജൈസൽ അത്തോളി, 12. നടുവണ്ണൂർ -കെ. രാജീവൻ, 13. എലത്തൂർ -അറോട്ടിൽ കിഷോർ, 14. ചേളന്നൂർ -കെ. ശ്രീജിത്ത്, 15. വെള്ളയിൽ -പി. കൃഷ്ണകുമാർ, 16. ചേവായൂർ -പി.വി. ബിനീഷ് കുമാർ, 17. പന്നിയങ്കര -എം.പി. ബാബുരാജ്, 18. മാങ്കാവ് -കെ.പി. സുബൈർ, 19. ബേപ്പൂർ -രാജീവൻ തിരുവച്ചിറ, 20. ഫറോക്ക് -തസ്വീർ ഹസൻ, 21. കുന്ദമംഗലം -വളപ്പിൽ റസാഖ്, 22. പെരുവയൽ -രവികുമാർ പനോളി, 23. കൊടുവള്ളി -ശശി, 24. താമരശ്ശേരി -പി. ഗിരീഷ് കുമാർ, 25. തിരുവമ്പാടി -ജോബി എലന്തൂർ, 26. മുക്കം -എം. സിറാജുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.