കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കോഴിക്കോട്ട് രോഗം ബാധിക്കുന്നവരിലേറെയും യുവാക്കള്‍. ജില്ലയിലെ രോഗബാധിതരില്‍ 41 ശതമാനവും 20നും 40 വയസ്സിനും ഇടയിലുള്ളവരാണ്. കോവിഡ് പോസിറ്റിവായ 29 ശതമാനം പേര്‍ 40നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. 12 ശതമാനം പത്തിനും 20നും ഇടയിലുള്ളവരും ഒമ്പത് ശതമാനം രോഗികള്‍ 60 വയസ്സിന് മുകളിലുള്ളവരുമാണ്. ആകെ രോഗികളില്‍ ഒമ്പത് ശതമാനം ഒന്നിനും പത്തിനുമിടയില്‍ പ്രായമുള്ളവരാണ്.
ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ രോഗം ബാധിച്ചവര്‍ വളരെ കുറവാണ്. 23,135 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗമുണ്ടായത്. 9,685 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 72 ശതമാനത്തിനും ലക്ഷണങ്ങളൊന്നുമുണ്ടായില്ല. കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുള്ള എ, ബി വിഭാഗത്തില്‍ യഥാക്രമം 16 ശതമാനവും 11.8 ശതമാനവും രോഗികളുള്‍പ്പെടും. കോഴിക്കോട് കോര്‍പറേഷനില്‍ 3,748 പേരാണ് നിലവിലെ രോഗബാധിതര്‍. ഒളവണ്ണ പഞ്ചായത്തിലും സ്ഥിതി രൂക്ഷമാണ്. 357 പേര്‍ ചികിത്സയിലുണ്ട്. വടകര നഗരസഭ 289, കൊയിലാണ്ടി 164, ചോറോട് പഞ്ചായത്ത് 101 എന്നിങ്ങനെയാണ് 'ആക്ടിവ് രോഗി'കളുള്ളത്.
ഞായറാഴ്ചയിലെ കണക്കനുസരിച്ച് 77 പേരാണ് മരിച്ചത്. 0.33 ശതമാനമാണ് മരണനിരക്ക്. സംസ്ഥാന മരണനിരക്ക് 0.36 ശതമാനവും രാജ്യത്തേത് 1.5 ശതമാനവുമാണ്. ജില്ലയില്‍ മരിച്ചവരില്‍ 72 ശതമാനം ആളുകളും 60 വയസ്സിന് മുകളിലുള്ളവരാണ്. മരിച്ചവരില്‍ 80 ശതമാനം പേര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. 97 ശതമാനത്തിനും പ്രാദേശികമായ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.
രോഗസ്ഥിരീകരണ നിരക്ക് ജില്ലയില്‍ കുതിച്ചുയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. 13.8 ശതമാനമാണ് കഴിഞ്ഞയാഴ്ചയിലെ ശരാശരി രോഗസ്ഥിരീകരണ നിരക്ക്. അതായത്, നൂറുപേരെ പരിശോധിക്കുമ്പോള്‍ 13.8 പേര്‍ക്കും പോസിറ്റിവാകുന്ന സ്ഥിതി. ആഗസ്റ്റ് ആദ്യവാരം 2.81ഉം രണ്ടാം വാരം 2.76ഉം ശതമാനം മാത്രമായിരുന്നു രോഗസ്ഥിരീകരണ നിരക്ക്. സെപ്റ്റംബര്‍ മൂന്നാം വാരം 7.24ല്‍ നിന്ന് ഒക്ടോബര്‍ ആദ്യവാരം 13.8 ശതമാനത്തിലേക്കുള്ള ഉയര്‍ച്ച പേടിപ്പെടുത്തുന്നതാണ്. അതേസമയം, ജില്ലയിലെ മൊത്തം രോഗസ്ഥിരീകരണ നിരക്ക് 5.97 ശതമാനം മാത്രമാണ്.
കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് നിലവിലെ രോഗികളില്‍ 5,154 പേര്‍ (59.21 ശതമാനം) വീടുകളിലാണ് തുടരുന്നത്. 2466 പേര്‍ (28.31 ശതമാനം) എഫ്.എല്‍.ടി.സികളിലുണ്ട്. 12.50 ശതമാനമാണ് (1089) ആശുപത്രികളിലുള്ളത്. 620 കിടക്കകള്‍ കൂടിയാണ് വിവിധ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി ബാക്കിയുള്ളത്. 1350 കിടക്കകള്‍കൂടി ഉടന്‍ കോവിഡ് രോഗികള്‍ക്കായി മാറ്റും.
പരിശോധനയുടെ കാര്യത്തില്‍ ജില്ല മുന്നേറിയിട്ടുണ്ട്. പത്ത് ലക്ഷം ജനങ്ങളില്‍ 1,11,394 പേരെ പരിശോധിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് 88395ഉം ദേശീയതലത്തില്‍ 57096ഉം ആണ് 'ടെസ്റ്റ് പെര്‍ മില്യൻ' കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.