കോഴിക്കോട്: ബ്രാഞ്ച്, ലോക്കൽ സെക്രട്ടറി പദത്തിൽ വനിതകൾക്കും യുവാക്കൾക്കും മുമ്പില്ലാത്തവിധം വലിയ പരിഗണന നൽകാൻ സി.പി.എം. ജില്ലയിൽ ഇതിനകം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാരിലേറെയും യുവാക്കളും വനിതകളുമാണ്. മാത്രമല്ല, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഡയറക്ടർ ബോർഡ് അംഗങ്ങളുമായവർ, മറ്റുമേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവർ എന്നിവരെ സെക്രട്ടറി പദവിയിൽനിന്ന് പരമാവധി ഒഴിവാക്കുകയും െചയ്യുന്നുണ്ട്. മറ്റുരംഗങ്ങളിൽ നിരന്തരം ഇടപെടുന്നവർ ബ്രാഞ്ച് സെക്രട്ടറിമാരാവുന്നതോെട പാർട്ടിയുടെ താഴേതട്ടിലെ പ്രവർത്തനം പേരിലൊതുങ്ങുന്നതായി നേരത്തെ ആക്ഷേപമുണ്ട്. അതിനാലാണ് ഇത്തരക്കാരെ പരമാവധി ഒഴിവാക്കാനുള്ള നയരൂപരേഖ സംസ്ഥാന നേതൃത്വം തയാറാക്കിനൽകിയത്. കൂടുതൽ സമയം പ്രദേശത്തുള്ളവരെയും ജനകീയ വിഷയങ്ങളിലിടപെടുന്നവരെയുമാണ് പരിഗണിക്കുക. വനിതകളെ നേതൃനിരയിലെത്തിക്കുന്നതോെട പാർട്ടിക്ക് വേരോട്ടമില്ലാത്ത പല കുടുംബങ്ങളിലേക്കടക്കം കടന്നുചെല്ലാനുള്ള വഴിയാണ് സി.പി.എം ഒരുക്കുന്നത്.
മൂന്ന് ടേം പൂർത്തിയായവരെ അനിവാര്യമായ ഇടങ്ങളിലേ ബ്രാഞ്ച് സെക്രട്ടറിമാരാക്കൂ. േലാക്കൽ കമ്മിറ്റികൾ മുതൽ മേലോട്ടുള്ള ഘടകങ്ങളിൽ തുടർച്ചയായി മൂന്നുതവണ സെക്രട്ടറിയായവരെ ഒഴിവാക്കും. 15 അംഗങ്ങളിൽ കൂടുതലുള്ള ബ്രാഞ്ച് കമ്മിറ്റികളെല്ലാം സമ്മേളനത്തോടെ വിഭജിക്കുന്നതിനാൽ ജില്ലയിലെ ഏറ്റവും താഴേതട്ടിലുള്ള പാർട്ടി ഘടകങ്ങളുടെ എണ്ണം 4500ഓളമാകും. നിലവിൽ 4027 ബ്രാഞ്ച് കമ്മിറ്റികളാണ് ജില്ലയിലുള്ളത്. വനിതകളെ കൂടുതലായി പരിഗണിക്കുന്നതിനാൽ വനിത ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണം 111ൽനിന്ന് വലിയതോതിൽ കൂടുമെന്ന് ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു.
ഒക്ടോബർ 15നുള്ളിൽ മുഴുവൻ ബ്രാഞ്ച് സമ്മേളനവും നവംബർ 15നുള്ളിൽ 260 ലോക്കൽ സമ്മേളനവും ഡിസംബർ 12നുള്ളിൽ 16 ഏരിയ സമ്മേളനവും പൂർത്തിയാവും. ജനുവരി 10, 11, 12 തീയതികളിലായി ഭട്ട് റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയത്തിലാണ് ജില്ല സമ്മേളനം. 40,122 പുരുഷന്മാരും 11,465 സ്ത്രീകളും ഉൾപ്പെടെ 51,587 അംഗങ്ങളാണ് ജില്ലയിൽ സി.പി.എമ്മിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.