representational image

ചത്ത കോഴികളെ പിടികൂടിയ സംഭവം; വകുപ്പുകൾക്കെതിരെ മേയർ

കോഴിക്കോട്: കടകളിൽനിന്ന് ചത്ത കോഴികളെ പിടികൂടിയ സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിനെതിരെ ആരോപണവുമായി മേയര്‍ ബീന ഫിലിപ്പ്. അടിയന്തര നടപടിയോ ഇടപെടലോ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഓരോ കടയിലും കയറി പരിശോധിക്കാൻ കോർപറേഷന്‍റെ ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർക്ക് കഴിയും.

മൃഗസംരക്ഷണ വകുപ്പും പൊലീസും ഫുഡ് സേഫ്റ്റി വിഭാഗവും അതോടൊപ്പം നിൽക്കേണ്ടതുണ്ട്. അതിനുപകരം തങ്ങൾക്ക് ഔദ്യോഗികമായി പരാതി ലഭിച്ചില്ലെന്ന് പറയുന്നത് ശരിയല്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തത് പ്രയാസമുണ്ടാക്കി. ഇത്തരം ഒരു പരിതഃസ്ഥിതിയിൽ എല്ലാ വിഭാഗങ്ങളും സന്ദർഭത്തിനനുസരിച്ച് ഉണർന്നു പ്രവർത്തിക്കുകയാണ് വേണ്ടത്.

മറ്റു വിഭാഗങ്ങൾ കോർപറേഷനെ സമീപിച്ച് തങ്ങളുടെ ഭാഗത്തുനിന്ന് എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുമെന്നായിരുന്നു തന്‍റെ പ്രതീക്ഷ. അതിനുപകരം മാറിനിൽക്കുന്നത് പ്രയാസമുണ്ടാക്കിയെന്നും മേയർ പറഞ്ഞു. സർക്കാറിന്‍റെ വകുപ്പുകളിൽനിന്ന് സേവനസന്നദ്ധതയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. പരാതി നൽകിയാൽ മാത്രം നടപടി എന്നത് പഴയ രീതിയാണെന്നും മേയർ പറഞ്ഞു.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കടകളെക്കുറിച്ചാണ് കോർപറേഷൻ അന്വേഷണം നടത്താറുള്ളത്. പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇക്കാര്യത്തിൽ കേസെടുക്കാൻ കഴിയുക എന്നും മേയർ പറഞ്ഞു. പലരും ചത്ത കോഴികളെ വിൽപന നടത്തി ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള മാഫിയതന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

ഇവർക്ക് നഗരത്തിൽ പല സ്ഥലത്തും ഔട്ട്‍ലറ്റുകളുണ്ട്. വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും ഇറച്ചിവിതരണം ചെയ്യുന്നുണ്ട്. കോഴിയിറച്ചിയുടെ മാലിന്യം സൂക്ഷിക്കുന്നതിനുവേണ്ടിയാണ് കോഴിക്കച്ചവടക്കാർക്ക് ഫ്രീസറുകൾ നൽകിയിട്ടുള്ളത്. ചില കച്ചവടക്കാരെങ്കിലും ഫ്രിഡ്ജിൽ മാലിന്യങ്ങൾക്കൊപ്പംതന്നെ ഇറച്ചിയും ചത്ത കോഴികളെയും ഒക്കെ സൂക്ഷിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.

ഇതൊന്നും ഇനിയും ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. ജനങ്ങൾക്ക് നല്ല ഇറച്ചി ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി. ദിവാകരനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. നഗരത്തിലും പരിസരങ്ങളിലും ഒട്ടേറെ കടകൾ നടത്തുന്ന മൊത്തവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കടയിൽ വിൽപനക്ക് സൂക്ഷിച്ച 1500ലേറെ ചത്ത കോഴികളെ കോർപറേഷൻ ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചിരുന്നു. കട ആരോഗ്യവകുപ്പ് പൂട്ടിച്ചിട്ടുണ്ട്.

Tags:    
News Summary - dead chickens seized-Mayor vs Departments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.