നാദാപുരം: കല്ലാച്ചി ടൗൺ വികസനത്തിന് മൂന്നുകോടി രൂപ അനുവദിച്ചിട്ടും പദ്ധതി നടപ്പായില്ല. കാലവർഷത്തിന്റെ തുടക്കത്തിൽതന്നെ വെള്ളത്തിൽ മുങ്ങി കല്ലാച്ചി ടൗൺ. നിരവധി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം ഒഴുകിയെത്തിയതോടെ വ്യാപാരികളും വീട്ടുകാരും ഭീതിയിലായി.
വാണിയൂർ റോഡിൽ ജെ.സി.ബി ഉപയോഗിച്ച് ഓവുചാലിലെ സ്ലാബുകൾ നീക്കി മഴവെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തിയാണ് താൽക്കാലിക പരിഹാരം കണ്ടെത്തിയത്. അടുത്ത ദിവസങ്ങളിലും ദുരിതം ആവർത്തിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.
വർഷകാലത്ത് ടൗണിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ടും ദുരിതവും ഒഴിവാക്കണമെന്ന നിരന്തര ആവശ്യത്തെ തുടർന്ന് 2022 സാമ്പത്തിക വർഷം ടൗണിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പൊതുമരാമത്ത് വകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഉദ്യോഗസ്ഥ തലത്തിൽ പ്രാരംഭ പ്രവർത്തനവും ആരംഭിച്ചു. ടൗണിലെ ഇരുഭാഗവും വീതികൂട്ടി സൗകര്യപ്രദമായ ഓവുചാൽ നിർമാണമായിരുന്നു മുഖ്യ ലക്ഷ്യം.
വ്യാപാരികൾ തന്നെ ഈ ശ്രമത്തിന് എതിരുനിന്നതോടെ പദ്ധതി മുടങ്ങി. കാലപ്പഴക്കംചെന്ന പല കെട്ടിടങ്ങളിലും രൂപമാറ്റം അത്യാവശ്യമായിരുന്നു. നിലവിലെ കെട്ടിടത്തിന്റെ നിർമാണ രീതിയിൽ മാറ്റം വരുത്തിയുള്ള ഒരു പ്രവർത്തനവും അംഗീകരിക്കില്ലെന്ന് വ്യാപാരികളും കെട്ടിട ഉടമകളും നിലപാടെടുത്തതോടെ പദ്ധതി മുടങ്ങുകയും വിഷയം കോടതി കയറുകയും ചെയ്തു. പല വ്യാപാരികൾക്കും കടക്കുള്ളിൽ വെള്ളം കയറി വൻ നഷ്ടം സംഭവിച്ചു. വെള്ളക്കെട്ട് രൂക്ഷമായതോടെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി.
ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ ജെ.സി.ബി എത്തിച്ച് ഓവുചാലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് തള്ളിയ മാലിന്യങ്ങളാണ് ഇവയിൽ ഏറെ ഉണ്ടായിരുന്നത്. ഈ മാസം 16ന് വിഷയം ചർച്ചചെയ്യാൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.