കോഴിക്കോട്: വിൽപനക്കെത്തിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. ബേപ്പൂർ സ്വദേശി പടന്നയിൽ റാസി (29), എരഞ്ഞിക്കൽ സ്വദേശി കൊടമന അർജുൻ (28) എന്നിവരെയാണ് നാർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്), ബേപ്പൂർ സബ് ഇൻസ്പെക്ടർ കെ. ഷുഹൈബും എലത്തൂർ സബ് ഇൻസ്പെക്ടർ ഇ.എം. സന്ദീപും ചേർന്ന് പിടികൂടിയത്.
റാസിയുടെ വീട്ടിൽനിന്ന് 47.830 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. വസ്ത്രവ്യാപാരത്തിന്റെ മറവിൽ ബംഗളൂരുവിൽനിന്നാണ് ഇയാൾ ലഹരി എത്തിച്ചത്. എരഞ്ഞിക്കൽ കൈപ്പുറത്ത് പാലം റോഡിൽനിന്ന് 630 ഗ്രാം കഞ്ചാവും 3.2 ഗ്രാം എം.ഡി.എം.എയുമായാണ് അർജുൻ പിടിയിലായത്. കോൾ ഡ്രൈവറായ ഇയാൾ ജോലിയുടെ മറവിലായിരുന്നു ലഹരികച്ചവടം നടത്തിയത്.
അറസ്റ്റിലായവർ ആർക്കെല്ലാമാണ് ലഹരി വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺകോൾ വിവരങ്ങളും പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ബേപ്പൂർ സ്റ്റേഷനിലെ എ.എസ്.ഐ ദീപ്തി ലാൽ, ശ്രീജേഷ്, ഷിനോജ്, സജില, എലത്തൂർ സ്റ്റേഷനിലെ എ.എസ്.ഐ പി. രഞ്ജിത്ത് കുമാർ, റെനീഷ്, രാജേഷ് കുമാർ, മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.